മുംബൈ : സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഈ ആവശ്യം ഒന്നയച്ച് അദ്ദേഹം ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയ്ക്ക് കത്തെഴുതി. മഹാരാഷ്ട്രയിലെ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾക്കാണ് ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രീണന രാഷ്ട്രീയം മഹാരാഷ്ട്രയിലെ സർക്കാർ വച്ചുപൊറുപ്പിക്കുന്നതല്ല. ഹിന്ദു വിദ്യാർത്ഥികൾക്ക് ബാധകമായ നിയമങ്ങൾ മുസ്ലീം വിദ്യാർത്ഥികൾക്കും ബാധകമാണെന്നും നിതേഷ് റാണെ വ്യക്തമാക്കി. ഹിജാബ് അവരുടെ വീടുകളിൽ ധരിക്കാം, എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിൽ, മറ്റ് വിദ്യാർത്ഥികളെപ്പോലെ തന്നെ അവരും പരീക്ഷ എഴുതണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയാ നിയമമല്ല, ബാബാസാഹെബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം മതപണ്ഡിതർ ഓർക്കണമെന്നും നിതേഷ് റാണെ സൂചിപ്പിച്ചു.
വിദ്യാർഥികൾ ബുർഖ ധരിച്ച് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച സംഭവം ഉണ്ടായതിനെ തുടർന്നാണ് താൻ വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് എന്നും റാണെ വിശദീകരിച്ചു. വിദ്യാർത്ഥികൾ ബുർഖ ധരിച്ച് തട്ടിപ്പും കോപ്പിയടിയും ചെയ്യുന്ന സംഭവങ്ങൾ മഹാരാഷ്ട്രയിൽ ഉണ്ടാകരുത് എന്നും നിതേഷ് റാണെ വ്യക്തമാക്കി.
Discussion about this post