റിയാദ്: അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. ഈ റോസ്റ്റഡ് ബീഫില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളെ കണ്ടെത്തിയതോടെയാണ് നടപടി. സൗദി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ബീഫ് റോസ്റ്റിനുള്ളില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഈ ബാക്ടീരിയ മനുഷ്യരില്‍ വലിയ അപകടം സൃഷ്ടിക്കുന്നതായും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്എഫ്ഡിഎ പ്രസ്താവനയിലൂടെ അറിയിച്ചു. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ബീഫ് റോസ്റ്റ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തതാണ്. രണ്ട്-മൂന്ന് കിലോ പാക്കേജുകളിലാണ് ഇത് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. 2024 ഡിസംബര്‍ രണ്ടിന് പാക്ക് ചെയ്ത വിഭവത്തിന് 2025 ഏപ്രില്‍ ഒന്ന് വരെയാണ് കാലഹരണ തീയതി.
ഇത്തരം ഭക്ഷ്യ നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഒരു ലംഘനവും അനുവദിക്കില്ലെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 19,999 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്ററുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
Discussion about this post