നിര്‍മിത ബുദ്ധിയുടെ വ്യാപനവും വികാസവും അപകടകരമാണെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. മുന്‍ സേഫ്റ്റി റിസേര്‍ച്ചര്‍ സ്റ്റീവന്‍ അഡ്ലര്‍. എ.ഐ. വ്യവസായം സാങ്കേതികവിദ്യയില്‍ അപകടകരമായ ചൂതാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓപ്പണ്‍ എ.ഐയില്‍നിന്ന് രാജിവെച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള എക്സ് പോസ്റ്റിലായിരുന്നു സ്റ്റീവന്‍ അഡ്ലറുടെ ഏറ്റുപറച്ചില്‍. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എ.ജി.ഐ) വികസിപ്പിക്കുന്നതില്‍ എ.ഐ. കമ്പനികള്‍ കാണിക്കുന്ന വേഗതയിലും അഡ്ലര്‍ ആശങ്ക പ്രകടിപ്പിച്ചു.
അതി വേഗത്തില്‍ വളരുന്ന ഈ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലുവര്‍ഷത്തോളം ഓപ്പണ്‍ എ.ഐയുടെ ഭാഗമായിരുന്നു ഗവേഷകനായിരുന്ന സ്റ്റീവന്‍ അഡ്ലര്‍.
നിര്‍മിത ബുദ്ധിയില്‍ അമേരിക്കന്‍ കമ്പനികളെ മറികടന്ന് ചൈനീസ് കമ്പനിയായ ഡീപ്സീക് വന്‍മുന്നേറ്റം നടത്തുന്നതിനിടെയാണ് അഡ്ലറിന്റെ എക്സ് പോസ്റ്റ്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ഓപ്പണ്‍ എ.ഐ വിട്ടത്.
Discussion about this post