ഇന്ത്യൻ സിനിമയുടെ ജനപ്രിയ ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ ഇന്ന് 67-ാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രിയദർശന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഭൂത് ബംഗ്ലാ’യുടെ ലൊക്കേഷനിൽ നിന്നുമാണ് അക്ഷയ്കുമാർ പ്രിയദർശന് ആശംസകൾ അറിയിച്ചിരിക്കുന്നത്.
“ജന്മദിനാശംസകൾ പ്രിയൻ സാർ, ഭീതിപ്പെടുത്തുന്ന, പ്രേതങ്ങൾ നിറഞ്ഞ ഒരു സെറ്റിൽ ജന്മദിനം ആഘോഷിക്കാൻ കഴിയുക എന്നുള്ളതിലും വലിയ എന്ത് കാര്യമാണുള്ളത് ? എന്റെ ജീവിതത്തിലെ ഒരു ഉപദേഷ്ടാവായിരിക്കുന്നതിന് നന്ദി. അലങ്കോലമായി കിടക്കുന്ന കുഴപ്പം പിടിച്ച കാര്യങ്ങളെ പോലും ഒരു മാസ്റ്റർപീസ് ആക്കി മാറ്റാൻ കഴിയുന്ന ഒരേ ഒരാൾ നിങ്ങൾ മാത്രമാണ്. നിങ്ങളുടെ എല്ലാ ദിവസങ്ങളും റീടേക്കുകൾ ഇല്ലാത്തതായി മാറട്ടെ. ഏറ്റവും മികച്ച ഒരു വർഷം തന്നെ ആശംസിക്കുന്നു” എന്നാണ് പ്രിയദർശന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അക്ഷയ് കുമാർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്.
അക്ഷയ്കുമാറിനെ ഒരു ജനപ്രിയ താരമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച സംവിധായകനാണ് പ്രിയദർശൻ. 2000-ത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഹേരാ ഫേരി എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിന്റെ സിനിമ കരിയറിൽ ഒരു വഴിത്തിരിവായി മാറിയത് . മലയാളം ചിത്രമായ റാംജി റാവു സ്പീക്കിംഗിൻ്റെ റീമേക്ക് ആയിരുന്ന ഈ ചിത്രം ബോളിവുഡിൽ വലിയ വിജയമായി മാറി. അക്ഷയ് കുമാർ ആദ്യമായി ചെയ്യുന്ന ഹാസ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് പ്രിയദർശനും അക്ഷയ് കുമാറും ചേർന്ന് മറ്റു നിരവധി സിനിമകളിലും ഒന്നിച്ച് പ്രവർത്തിച്ചു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ലാ’. വാമിക ഗബ്ബിയും തബുവും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൊറർ കോമഡി വിഭാഗത്തിലുള്ളതാണ്.












