ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നിൽ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാൾ. ഡൽഹിയിൽ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാലിന്യം തള്ളിയത്.
‘ഈ നഗരം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഡൽഹിയുടെ എല്ലാ മൂലകളും വൃത്തികേടായിരിക്കുകയാണ്. അഴുക്കുചാലുകൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അരവിന്ദ് കെജ്രിവാളുമായി സംസാരിക്കാനാണ് ഞാൻ വന്നത്. നിങ്ങൾ സ്വയം നന്നാവൂ അല്ലെങ്കിൽ പൊതുജനം നിങ്ങളെ നന്നാക്കുമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. അദ്ദേഹത്തിന്റെ ഗുണ്ടകളെയോ പോലീസിനെയോ എനിക്ക് പേടിയില്ല’, സ്വാതി മല്ലിവാൾ പറഞ്ഞു.
സംഭവത്തിൽ സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്വാതിമലിവാളിന്റെ പ്രതിഷേധം. നഗരത്തിലെ മാലിന്യപ്രശ്നത്തെ കുറിച്ച് മനസിലാക്കാനും അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി സ്വാതി ഡൽഹിയിലെ വികാസ്പുരി ഏരിയയിലെ മാലിന്യ കൂമ്പാരം സന്ദർശിച്ചിരുന്നു. പ്രദേശവാസികൾക്കൊപ്പമാണ് മാലിന്യ കുമ്പാരം സ്വാതി മാലിവാൾ സന്ദർശിച്ചത്.
Discussion about this post