ചെന്നൈ: ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ കെട്ടുകെട്ടിച്ച് കേരളത്തിന്റെ കൊമ്പന്മാർ. ഇന്ന് ചെന്നെയിനെ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായിരുന്നു. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. 2024-2025 സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം ജയമാണ് ചെന്നൈയില്‍ പിറന്നത്.
മൂന്നാം മിനിറ്റില്‍ മുന്നേറ്റതാരം ജീസസ് ഹിമെനസും ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങര്‍ കൊറോ സിങ്ങും രണ്ടാം പകുതിയില്‍ ക്വാമി പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. മത്സരത്തിന്റെ അധികസമയത്ത് വിന്‍സി ബറേറ്റോയുടോ ഗോൾ ആണ് ചെന്നൈക്ക് ചെറിയൊരു ആശ്വാസമായത് . ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ അവരുടെ തട്ടകത്തില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് വിജയിക്കുന്നത്.
ഐ.എസ്.എലില്‍ ഈ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമെനസിന്റേത്. അതിനിടെ 36-ാം മിനിറ്റില്‍ ചെന്നൈ മുന്നേറ്റതാരം വില്‍മര്‍ ജോര്‍ദന് റെഡ് കാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിന്‍സിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തിയത്. ഇതോടെ പത്തുപേരുമായാണ് ചെന്നൈ പിന്നീട് കളിച്ചത്.
Discussion about this post