വാഷിംഗ്‌ടൺ: അമേരിക്കൻ ഫെഡറൽ ഏജൻസിയുടെ തലവനായുള്ള സ്ഥാനാരോഹണ ഹിയറിംഗിൽ തന്റെ സംസ്കാരം മറക്കാതെ കാഷ് പട്ടേൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഫ്ബിഐ നോമിനിയായ കാഷ് പട്ടേൽ തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തിയ ശേഷം ‘ജയ് ശ്രീകൃഷ്ണ’ എന്ന് വിളിച്ച് അഭിവാദ്യം ചെയ്തത് സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ശ്രദ്ധേയമാകുന്നു.
ഇന്ന് ഇവിടെ ഇരിക്കുന്ന എന്റെ അച്ഛൻ പ്രമോദിനെയും അമ്മ അഞ്ജനയെയും സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിൽ നിന്നാണ് ഇവിടെ വന്നത്. എന്റെ സഹോദരി നിഷയും ഇവിടെയുണ്ട്. എന്നോടൊപ്പം ഉണ്ടായിരിക്കാൻ വേണ്ടി മാത്രമാണ് അവൾ സമുദ്രങ്ങൾ കടന്നത്. നിങ്ങൾ ഇവിടെയുണ്ടെന്നതിന്റെ അർത്ഥം എന്റെ ലോകം എന്നാണ്. ജയ് ശ്രീകൃഷ്ണ.” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഒന്നാം ടേമിൽ തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തൻ ആയി അറിയപ്പെടുന്ന വ്യക്തിയാണ് കാഷ് പട്ടേൽ. ട്രംപിനെതിരെ നിയമ നടപടികൾ ബൈഡൻ ഭരണകൂടം എടുത്തപ്പോഴും ഉറച്ച പിന്തുണ നൽകി കൊണ്ട് കാഷ് പട്ടേൽ ശ്രദ്ധേയനായിരുന്നു.
കഴിഞ്ഞ വർഷം ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ, താൻ എഫ്‌ബിഐയുടെ ചുമതലക്കാരനാണെങ്കിൽ, വാഷിംഗ്ടണിലെ പെൻസിൽവാനിയ അവന്യൂവിലുള്ള ബ്യൂറോയുടെ ആസ്ഥാനം “അടച്ചുപൂട്ടുകയും” “അടുത്ത ദിവസം അത് ‘ഡീപ് സ്റ്റേറ്റിന്റെ’ ഒരു മ്യൂസിയമായി വീണ്ടും തുറക്കുകയും ചെയ്യും” എന്ന് പ്രഖ്യാപിച്ചിരിന്നു.
“ആ കെട്ടിടത്തിൽ ജോലി ചെയ്യുന്ന 7,000 ജീവനക്കാരെ ഞാൻ കൊണ്ടുപോയി കുറ്റവാളികളെ പിന്തുടരാൻ അമേരിക്കയിലുടനീളം അയയ്ക്കും. അവരോട് പോലീസിന്റെ പണി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും ” അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ അടുത്തിടെ നടന്ന ട്രംപിന്റെ ക്രിമിനൽ വിചാരണയിൽ പങ്കെടുത്ത ഒരു ചെറിയ കൂട്ടം പിന്തുണക്കാരുടെ ഭാഗമായിരുന്നു പട്ടേൽ, ട്രംപ് ഒരു “ഭരണഘടനാ വിരുദ്ധ സർക്കസിന്റെ” ഇരയാണെന്നായിരുന്നു പട്ടേലിന്റെ വാദം.
Discussion about this post