ന്യൂഡൽഹി: വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽനിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎസിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെയാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വാഷിംഗ്ടൺ ഡിസിയിലെ ദാരുണമായ വിമാന ദുരന്തത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ അമേരിക്കയിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’- യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
കൻസാസിലെ വിചിറ്റയിൽ നിന്ന് വരികയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന്റെ റൺവേയിലേക്ക് അടുക്കുമ്പോഴായിരുന്നു സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനവും ഹെലികോപ്റ്ററും പോട്ടോമാക് നദിയിലേക്കാണ് വീണത്.
നദിയിൽ മൂന്ന് ഭാഗങ്ങളായി തകർന്ന വിമാനത്തിന്റെ ഭാഗങ്ങളും തലകീഴായി മറിറഞ്ഞ നിലയിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നിലെ കാരണം എന്താണെന്ന് അധികൃതർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 40 മൃതദേഹങ്ങൾ ഇതുവരെ നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലും ഹെലികോപ്റ്ററിലുമായി ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് സംശയിക്കുന്നത്. വിമാനത്തിൽ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരുമാണ് ഉണ്ടായിരുന്നത്.
Discussion about this post