ന്യൂഡൽഹി: ജീവനക്കാരുടെ ജോലിസമയം ഉയർത്തുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഈയടുത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ആഴ്ചയിൽ ജീവനക്കാർ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്റ് ടി ചെയർമാൻ എസ്എൻ സുബ്രഹ്‌മണ്യന്റെ വിവാദ പരാമർശമായിരുന്നു വലിയ ചർച്ചകൾക്ക് വഴി വച്ചത്. ഇപ്പോഴിതാ ജീവനക്കാരുടെ ജോലി സമയത്തെ കുറിച്ച് ബജറ്റിന് മുമ്പ് സമർപ്പിച്ച സാമ്പത്തിക സർവേയിലും പ്രതിപാദിച്ചിരിക്കുകയാണ്.
ആഴ്ചയിൽ 60 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു. ഒരു വ്യക്തി നീണ്ട മണിക്കൂറുകൾ ഒരു സ്ഥലത്ത് തന്നെയിരുന്ന് ജോലിക്കായി സമയം ചിലവഴിക്കുന്നതും ദിവസത്തിൽ 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതും മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സർവേയിൽ പറയുന്നു. കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നത് ഉത്പാദന ക്ഷമതയുടെ അളവുകോലായി കണക്കാക്കുമ്പോൾ, നേരത്തെ പുറത്ത് വന്ന കണക്കുകൾ പറയുന്നത് ആഴ്ചയിൽ 55-60 മണിക്കൂറുകൾ ജോലി ചെയ്താൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ്.
ജോലിസ്ഥലത്ത് ഒരാൾ ദീർഘനേരം ചെലവഴിക്കുന്നത് മാനസിക ക്ഷേമത്തിനും ഒരുപോലെ ഹാനികരമാണ്. ഒരു ഡെസ്‌കിൽ തന്നെ 12 മണിക്കൂറോ അതിൽ കൂടുതലോ സമയം ചിലവഴിക്കുന്ന വ്യക്തികൾക്ക് മാനസിക ക്ഷേമത്തിന് വലിയ പ്രശ്‌നം നേരിടും.
Discussion about this post