ദില്ലി: ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇത് എപ്പോള്‍, എങ്ങനെ ഒഴിവാക്കുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സുധാന്‍ഷു ദുലിയ ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അതാത് നഗരങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടിയത്. ഫെബ്രുവരി 13ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമാണെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ തോട്ടിപ്പണി ഉന്മൂലനം ചെയ്യകയെന്നത് ലക്ഷ്യമിട്ടുകൊണ്ട് 2023 ഒക്ടോബറില്‍ സുപ്രീം കോടതി 14 നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യൂണിയന്‍ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
775 ജില്ലകളുള്ള രാജ്യത്ത് 456 ജില്ലകളിലും തോട്ടിപ്പണി, മനുഷ്യവിസര്‍ജ്യം ആളുകളെ ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യുന്ന സമ്പ്രദായം തുടരുന്നില്ലെന്ന് യൂണിയന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഇത് പൂര്‍ണമായും ഒഴിവാക്കായിട്ടുണ്ടോ എന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് ജനുവരി 29ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യസഭയില്‍ നല്‍കിയ കണക്ക് പ്രകാരം 2018 മുതല്‍ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തില്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തോട്ടിപ്പണി നിരോധനം, ഇതിലുള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ പതിനാല് നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍.
Discussion about this post