ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എത്തിക്കഴിഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് നിർമ്മല രാഷ്ട്രപതി ഭവനിൽ എത്തിയത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ഒപ്പമുണ്ടായിരുന്നു. പതിവ് പോലെ ഇക്കുറിയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.
മാസങ്ങളുെട ശ്രമത്തിനൊടുവിലാണ് കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രിയോടൊപ്പം പങ്കാളിയാകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖരായ സാമ്പത്തിക വിദഗ്ധരാണ്. 2025- 26 വർഷത്തെ കേന്ദ്ര ബജറ്റിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനോടൊപ്പം നെടുംതൂണായി പ്രവർത്തിച്ച വിദഗ്ധർ ആരൊക്കെയെന്ന് നോക്കാം…
വി അനന്ത നാഗേശ്വരൻ..( മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്)
ഇന്ത്യാ ഗവൺമെന്റിന്റെ നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് വി അനന്ത നാഗേശ്വരൻ. ഐഐഎം, അഹമ്മദാബാദിലെ പൂർവ വിദ്യാർത്ഥിയാണ് അദ്ദേഹം. ബജറ്റിന്റെ മാക്രോ ഇക്കണോമിക്ക് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് വി അനന്ത നാഗേശ്വരൻ. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയുടെ കരട് രൂപീകരണത്തിനും അദ്ദേഹം നേതൃത്വം നൽകുന്നു. 2025-26 സാമ്പത്തിക വർഷത്തോടെ വി അനന്ത നാഗേശ്വരന്റെ കാലാവധി അവസാനിക്കും.
മനോജ് ഗോവിൽ (എക്‌സ്‌പെന്റിച്ചർ സെക്രട്ടറി)
ഐഐടി കാൺപൂറിലെ പൂർവവിദ്യാർത്ഥിയാണ് മനോജ് ഗോവിൽ. എക്‌സ്‌പെന്റിച്ചർ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, പുതിയ സ്‌കീമുകളുടെ അംഗീകാരം, ചിലവ് മാർഗനിർദേശങ്ങൾ, സംസ്ഥാനങ്ങളിലേക്കുള്ള വിഭവ കൈമാറ്റം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അദ്ദേഹം പദവിയിലെത്തുന്നത്.
അജയ് സേത്ത് (സാമ്പത്തികകാര്യ സെക്രട്ടറി)
ടീമിലെ ഏറ്റവും മുതിർന്ന വ്യക്തിയായ അജയ് സേത്ത് ആണ് 2021 ഏപ്രിൽ മുതൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിനെ (ഡിഇഎ) നയിക്കുന്നു. അന്തിമ ബജറ്റ് രേഖകൾ തയ്യാറാക്കലും മാക്രോ ഇക്കണോമിക് സ്റ്റെബിലിറ്റി നിലനിർത്തലുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ചുമതലകൾ. ബജറ്റ് വിഭാഗം തലവൻ കൂടിയാണ് അജയ് സേത്ത്.
തുഹിൻ കാന്ത പാണ്ഡെ (ധനകാര്യ-റവന്യൂ സെക്രട്ടറി)
2025 ജനുവരിയിലാണ് ഒഡീഷ കേഡർ ഐഎഎസ് ഓഫീസറായ തുഹിൻ കാന്ത പാണ്ഡെ ധനകാര്യ-റവന്യൂ സെക്രട്ടറിയായി ചുമതലയേറ്റത്. നികുതി സമ്പ്രദായം ലളിതമാക്കുക, വരുമാനം ഉയർത്തുക എന്നിങ്ങനെയുളള മേഖലകൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്.
അരുണിഷ് ചൗള (ഡിഐപിഎഎം സെക്രട്ടറി)
ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുണിഷ് ചൗള. ഡിഐപിഎഎമ്മിന്റെ സ്‌ക്രട്ടറിയാണ്
അരുണിഷ് ചൗള. ഐഡിബിഐ ബാങ്കിന്റെ തന്ത്രപരമായ വിൽപ്പന ഉൾപ്പെടെയുള്ള ഓഹരികളുടെ വിറ്റഴിക്കലും അസറ്റ് ധനസമ്പാദനം പ്രോത്സാഹനത്തിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എം നാഗരാജു (ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി)
1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം നാഗരാജു മതിയായ ക്രെഡിറ്റ് ഫ്‌ലോ, ഫിൻടെക് നിയന്ത്രണങ്ങൾ, ഇൻഷുറൻസ് കവറേജ് വിപുലീകരിക്കൽ എന്നിവയിലാണ് പ്രവർത്തിക്കുന്നത്.
Discussion about this post