ന്യൂഡൽഹി: കേന്ദ്രബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്ക് കരുത്തേകുന്ന വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത വർഷം രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ സീറ്റുകൾ 75,000 ആയി വർധിപ്പിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.രാജ്യത്തെ 23 ഐ.ഐ.ടികളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് 100 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് ദേശീയ മികവിന്റെ അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.എഐ വികസനത്തിന് 500 കോടി നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികൾ. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകൾ നൽകും.
അറിവും ശാസ്ത്രബോധവും വളർത്തുന്നതിനായി സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും. വിദ്യാർത്ഥികൾക്ക് സ്വന്തം ഭാഷയിൽ കാര്യങ്ങൾ മനസിലാക്കുന്നതിന് ഭാരതീയ ഭാഷാ പുസ്തക പദ്ധതിയും നടപ്പാക്കും. എല്ലാ സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ അനുവദിക്കും
Discussion about this post