ന്യൂഡൽഹി: ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതരാമൻ. ഇതോടെ എന്താണ് മഖാന എന്ന് അന്വേഷിക്കുകയാണ് പലരും. രുചികരവും ഏറെ പ്രോട്ടീൻ സമ്പുഷ്ടവുമായ താമരവിത്താണ് മഖാന വിത്ത്. സന്യാസാഹികളുടെ ഇഷ്ടപ്പെട്ട വിഭവം.മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം.
ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാർ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം
ഫോക്‌സ് നട്ട്‌സ് അല്ലെങ്കിൽ താമര വിത്ത് എന്നും അറിയപ്പെടുന്ന മഖാന, ഏഷ്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയിലും ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. പ്രോട്ടീൻ, നാരുകൾ, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ മഖാന സമ്പന്നമാണ്.മഖാനയിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ഇത് ഹൃദയാരോഗ്യത്തിന് പ്രധാന്യം നൽകുന്നവർ ഉൾപ്പെടുത്തേണ്ട വിഭവമായി മഖാനയെ മാറ്റുന്നു. കോശങ്ങളുടെ നാശത്തിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് നിങ്ങളെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുന്നു.മഖാനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മഗ്‌നീഷ്യം രക്തക്കുഴലുകൾ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും രക്താതിമർദ്ദം തടയുകയും ചെയ്യുന്നു.
Discussion about this post