ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് 2025-2026 ബജറ്റ്. ആദായ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ചരിത്രപരമായ പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവറി തൊളിലാളികൾക്കും (ഗിഗ് വർക്കേഴ്‌സ്) വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികളെ ഉൾപ്പെടുത്തുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഈ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും.
ബജറ്റിലെ പുതിയ പ്രഖ്യാപനം വന്നതോടെ, രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകും. ഗിഗ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി, ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കും. ഇവർക്ക് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും. ഇതോടൊപ്പം, ആയുഷ്മാൻ ഭാരത്, ആക്സിഡന്റൽ സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നീ പരിരക്ഷകൾ കൂടി ഇവർക്ക് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
വിദ്യഭ്യാസ രംഗത്തിന് വലിയ പ്രതീക്ഷകളേകിക്കൊണ്ടുള്ളതാണ് ഈ ബജറ്റ്. വിദ്യഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയ്ക്ക് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ഈ ബജറ്റ്. ഉന്നത വിദ്യഭ്യാസ രംഗത്തെ, നിർമിത ബുദ്ധി വ്യാപനത്തിനും മികവിനും ബജറ്റ് പ്രാധാന്യം നൽകിയിട്ടുണ്ട്.
Discussion about this post