ടെൽ അവീവ് : വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി കൈമാറി. ജനുവരി 19ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ ബന്ദികളുടെ മോചനമാണിത്. യാർഡൻ ബിബാസ് (34), ഓഫർ കാൽഡെറോൺ (53), യുഎസ്-ഇസ്രായേൽ പൗരനായ കീത്ത് സീഗൽ (65) എന്നിവരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്. 484 ദിവസം തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചിരിക്കുന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വെച്ച് ഹമാസ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കപ്പെട്ട ആദ്യത്തെ അമേരിക്കക്കാരനാണ് കീത്ത് സീഗൽ. ഒക്‌ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് 65 കാരനായ സീഗലിനെയും ഭാര്യ അവിവയെയും കിബ്ബട്ട്സ് ക്ഫാർ ആസയിലെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നത്. 2023 നവംബറിലെ ബന്ദി-തടവുകാരുടെ കൈമാറ്റത്തിനിടെ സീഗലിന്റെ ഭാര്യ അവിവയെ ഹമാസ് മോചിപ്പിച്ചിരുന്നു.
ഇന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദിയായ ഓഫർ കാൽഡെറോൺ ഫ്രഞ്ച്-ഇസ്രായേൽ പൗരനാണ്.
അദ്ദേഹത്തിന്റെ മോചനത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സന്തോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കാൽഡെറോണിനെയും രണ്ടു മക്കളെയും തടവിലാക്കിയിരുന്നു. 2023 നവംബറിലെ ബന്ദി കൈമാറ്റ ഇടപാടിൽ കാൽഡെറോണിൻ്റെ രണ്ട് മക്കളായ എറസും സഹറും മോചിതരായി.
ഇസ്രായേൽ പൗരനായ യാർഡൻ ബിബാസ് ആണ് ഇന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരാൾ. 2023 ഒക്‌ടോബർ 7-ന് ബിബാസ്, ഭാര്യ ഷിരി മക്കളായ 9 മാസം പ്രായമുള്ള കുഞ്ഞ് കഫീർ 4 വയസ്സുള്ള ഏരിയേൽ എന്നിവരെയും ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിബാസിന്റെ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ ഗാസയിൽ നിന്നും കണ്ടെത്തിയിരുന്നു.
Discussion about this post