പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി. കാമുകിയായ ഹോളിവുഡ് നടി ഡക്കോട്ട ജോൺസണും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്രിസ് മാർട്ടിന്റെ വിശുദ്ധ സ്നാനത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ ആരാധകർ തിരക്ക് കൂട്ടി. കുംഭമേളയ്ക്ക് വരാനുള്ളതുകൊണ്ട് കോൾഡ്പ്ലേയുടെ മ്യൂസിക് കൺസർട്ട് കാണാൻ പോകാൻ കഴിയാത്തതിന് പകരമായി മഹാദേവനെ മറ്റൊരു പ്ലാൻ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ക്രിസ് മാർട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ജനുവരി 26 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കോൾഡ്‌പ്ലേയുടെ മ്യൂസിക് ഷോ അതിഗംഭീരമായി നടന്നിരുന്നു. അതിനു മുന്നോടിയായി മുംബൈയിലും കോൾഡ്‌പ്ലേ കൺസെർട്ട് നടത്തിയിരുന്നു. ഗുജറാത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ വന്ദേമാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ ആലപിച്ച് ക്രിസ് മാർട്ടിൻ ശ്രദ്ധ നേടിയിരുന്നു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വിജയകരമായ റോക്ക് ബാൻഡ് ആയാണ് കോൾഡ്‌പ്ലേ അറിയപ്പെടുന്നത്. ലോകമെമ്പാടുമായി ഈ ബാന്റിന്റെ 100 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ക്രിസ് മാർട്ടിന് ഏഴ് ഗ്രാമി അവാർഡുകളും ഒമ്പത് ബ്രിട്ട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബാലതാരമായി തുടക്കം കുറിക്കുകയും നാല്പതോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള അമേരിക്കൻ നടിയാണ് ക്രിസ് മാർട്ടിന്റെ കാമുകിയായ ഡക്കോട്ട ജോൺസൺ. ഫിഫ്റ്റി ഷേഡ്സ് സീരീസുകളിലൂടെ ആണ് ഡക്കോട്ട ജോൺസൺ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്.
Discussion about this post