ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥരും ബലോച് സ്വാതന്ത്ര്യ സമര പോരാളികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യസമര പോരാളികളും കൊല്ലപ്പെട്ടു. മാംഗോച്ചാർ മേഖലയിൽ രാത്രിയിൽ റോഡ് തടയാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പാകിസ്താൻ ആർമിയുടെ മീഡിയ വിംഗ് ഐഎസ്പിആർ പറയുന്നതനുസരിച്ച്, ജനുവരി 31 നും ഫെബ്രുവരി 1 നും രാത്രി കാലാട്ട് ജില്ലയിലെ മംഗോച്ചാർ പ്രദേശത്ത് ബലോച് സ്വാതന്ത്ര്യ സമര പോരാളികൾ റോഡ് തടയാൻ ശ്രമം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഇത് തടയുകയും പരസ്പരം ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. ബലൂചിസ്ഥാൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശത്രുക്കളുടെ പ്രേരണയാലുള്ള ഭീകര പ്രവർത്തനമാണ് നടന്നതെന്ന് പാകിസ്താൻ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. നിരവധി വർഷങ്ങളായി ഇവിടെ സുരക്ഷാ സ്ഥിതി വളരെ മോശമാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന പോരാളികളും സൈനികരുമായി ഇവിടെ നിരന്തരം ഏറ്റുമുട്ടൽ നടക്കാറുണ്ട്. കൂടാതെ താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്താനിൽ ആകെ 444 ഭീകരാക്രമണങ്ങൾ ആണ് ഉണ്ടായത്. 685 സൈനികർക്കാണ് ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
Discussion about this post