തിരുവനന്തപുരം: വാഹന നികുതി കുടിശികയുള്ളവര്‍ക്ക് പുതിയ അവസരവുമായി മോട്ടോര്‍ വാഹന വകുപ്പ്. നികുതി കുടിശിക ഇളവുകളോടെ അടച്ച് നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
2020 മാര്‍ച്ച് 31വരെ നികുതി ഒടുക്കിയതിന് ശേഷം പിന്നീട് നികുതി ഒടുക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളില്‍ കുടിശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീത് എന്നിവ ഇപ്പോള്‍ ആവശ്യമില്ലെന്നും ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വാഹനത്തെക്കുറിച്ച് ് രജിസ്ട്രേഡ് ഉടമയ്ക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പോയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാധ്യത തീര്‍ക്കാം. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാദ്ധ്യതയില്‍ നിന്നും ഇവരെ ഒഴിവാക്കും. വിശദ വിവരങ്ങള്‍ https://mvd.kerala.gov.in/sites/default/files/Downloads/Tax%20arrear%20direction%20c വെബ് ലിങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭിക്കും.
Discussion about this post