മുംബൈയിലെ ബുല്‍ഡാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുടികൊഴിച്ചിലിന്റെയും കഷണ്ടിയുടെയും കാരണം കണ്ടെത്തി ഗവേഷകര്‍. 15 ഗ്രാമങ്ങളില്‍ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സില്‍ (ഐസിഎംആര്‍) കണ്ടെത്തിയിരിക്കുകയാണ്. ലോഹാംശം കൂടുതലുള്ള ഈ മൂലകം എങ്ങനെയാണ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.
സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് മുംബൈ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ പ്രഫ. അരുണ്‍ സാവന്ത് പറഞ്ഞു. ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററിന്റെ നേതൃത്വത്തില്‍ മണ്ണിന്റെയും ജലത്തിന്റെയും സാംപിളുകള്‍ ശേഖരിച്ച് ന്യൂട്രോണ്‍ ആക്റ്റിവേഷന്‍ അനാലിസിസ് ഉടന്‍ തന്നെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
ഡിസംബറിലാണ് മുന്നൂറിലധികം പേര്‍ക്ക് മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമങ്ങളിലെ മുഴുവന്‍ ജലാശയങ്ങളിലും ക്ലോറിനേഷന്‍ നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. പൂര്‍ണ എന്ന നദിയുടെ തീരത്തോട് ചേര്‍ന്ന ഗ്രാമങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post