കൊൽക്കൊത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലാണ് സംഭവം. ഹൗറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് ഒളിച്ചോടിയത്.
യുവതി തന്നെയാണ് ഭർത്താവിനെ വൃക്ക വിൽക്കാനായി നിർബന്ധിച്ചത്. മകളുടെ പഠനത്തിനും വിവാഹത്തിനുമായി പണം കണ്ടെത്താൻ ഇതാണ് മാർഗമെന്ന് ഭർത്താവിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. ഇത് വിശ്വസിച്ച യുവാവ് വൃക്ക വിൽക്കാൻ തയ്യാറാവുകയായിരുന്നു.
ഇതിന് പിന്നാലെ, ഒരു വർഷത്തോളം അന്വേഷിച്ചതിന് ശേഷമാണ് വൃക്ക വിൽക്കാൻ സാധിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വൃക്ക വിറ്റ ഇയാൾ, ഈ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. എന്നാൽ, ആശുപത്രി വാസമുൾപ്പെടെ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ യുവാവ് ഭാര്യ പണംകൊണ്ട് മറ്റൊരാളുമായി ഒളിച്ചോടിയ വിവരമാണ് അറിയുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു പെയ്ന്റിംഗ് തൊഴിലാളിയോടൊപ്പമാണ് യുവതി പോയത്. പണവും നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ, യുവാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പത്ത് വയസുകാരിയായ മകൾ മാത്രമാണ് ഇവർക്കുള്ളത്. ഭാര്യയും കാമുകനും ഒളിച്ച് താമസിക്കുന്ന സ്ഥലം കണ്ടെത്തി മകളെയും കൂട്ടി അവിടെയെത്തിയെങ്കിലും, വീടിന്റെ വാതിൽ തുറക്കാൻ പോലും അവർ തയ്യാറായില്ലെന്ന് യുവാവ് പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ യുവതി വിവാഹ മോചനം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post