ഗുണ്ടൂര്‍: തനിക്ക് പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത് അമ്മയുടെ ക്രൂര ശിക്ഷ. കുട്ടിയെ ദിവസങ്ങളോളമാണ് അമ്മ പട്ടിണിക്കിട്ടത്. സമീപത്തെ ചവറ് കൂനയില്‍ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി അയല്‍ക്കാര്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഞായറാഴ്ചയാണ് അയല്‍വാസികള്‍ ആറ് വയസുകാരിയെ മാലിന്യക്കൂനയില്‍ ഭക്ഷണം തേടുന്ന നിലയില്‍ കണ്ടെത്തിയത്. പാല്‍നാഡു ജില്ലയിലെ സാറ്റേനപല്ലേയിലാണ് സംഭവം.
മാധവി എന്ന യുവതിയെ ആണ് സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുള്ളത്. ഞായറാഴ്ചയാണ് അയല്‍വാസി വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുന്നത്. വിവാഹമോചിതയായ മാധവി വിവിധ വീടുകളില്‍ വീട്ടുജോലി ചെയ്താണ് ആറുവയസുള്ള മകളെ വളര്‍ത്തിയിരുന്നത്. പുതിയ കളിപ്പാട്ടത്തിനും വസ്ത്രത്തിനുമായി വാശി പിടിച്ച കുഞ്ഞിനെ ഇവര്‍ ഭക്ഷണം കൊടുക്കാതെ ശിക്ഷിക്കുകയായിരുന്നു.
കുട്ടിയെ ആക്രമിച്ചതിനും അവഗണിച്ചതിനും ജുവനൈല്‍ നിയമങ്ങള്‍ അനുസരിച്ചാണ് മാധവിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മകളെ ഇവര്‍ വീട്ടിലെ കബോര്‍ഡില്‍ പൂട്ടിയിട്ട് ശിക്ഷിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി പൊലീസ് വിശദമാക്കി.
Discussion about this post