വ്യത്യസ്തമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് കുംഭമേള നഗരി. പലതും ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഐഐടി ബാബയും ജിം ബാബയും എന്നു വേണ്ട നഗരിയിൽ മാല വിൽക്കാൻ വന്ന പെൺകുട്ടി ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ താരമായി. അതിനിടയിലാണ് രസകരമായ മറ്റൊരു കാഴ്ച്ച ചർച്ചയാകുന്നത്.
ഉത്തർപ്രദേശിലെ തലമുതിർന്ന നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന അന്തരിച്ച മുലായം സിംഗിന്റെ പേരിൽ ഒരു ശിബിരമുണ്ട് കുംഭമേളയിൽ. ഈ ശിബിരമാണ് കുംഭമേള നഗരിയിൽ ആളുകളെ ചിരിപ്പിക്കുന്നതും ചർച്ചയാകുന്നതും. കുംഭമേള നഗരിയിൽ സേവന പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ സംഘടനകൾക്ക് സ്ഥലം അനുവദിക്കാറുണ്ട്. അങ്ങനെയാണ് മുലായം സിംഗ് യാദവിന്റെ സ്മരണയിൽ സ്ഥാപിച്ച സേവാ സൻസ്ഥാൻ നഗരിയിലെ സെക്ടർ 16 ൽ ശിബിരം സ്ഥാപിച്ചിരിക്കുന്നത്.
ശിബിരത്തിലേക്കെത്തുമ്പോൾ തന്നെ മുലായം സിംഗ് പണ്ട് കുംഭമേളയിൽ മുങ്ങിയതിന്റെ പോസ്റ്ററും ഫ്ലക്സുകളുമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അകത്തോട്ട് കയറിയാൽ ടെന്റിന്റെ വശങ്ങളിലൊക്കെ ചിത്രങ്ങളുമുണ്ട്. കൂടുതൽ ഉള്ളിലേക്ക് എത്തുമ്പോഴാണ് രസകരമായ കാഴ്ച്ച. മുലായം സിംഗിന്റെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. നിരവധി പ്രവർത്തകർ പ്രതിമയിൽ തൊടുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്നുണ്ട്.
സേവാ സൻസ്ഥാൻ എന്ന പേരിൽ സേവന നടത്താൻ അനുവദിച്ച ടെന്റിലാണ് ഈ കലാപരിപാടി നടക്കുന്നത്. ഹിന്ദുവിരുദ്ധനായ മുലായത്തിന്റെ പ്രതിമ കുംഭമേള നഗരിയിൽ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ അഖാഡ പരിഷത്ത് പ്രതിഷേധമുയർത്തിയിരുന്നു. എന്തായാലും ടെന്റിൽ സേവന പ്രവർത്തനങ്ങളൊന്നും ചെയ്യുന്നതായി കണ്ടില്ല. മുലായത്തെ സമാജ് വാദി പാർട്ടി മുലായം ബാബയാക്കിയോ എന്ന സംശയത്തിലാണ് ശിബിരം സന്ദർശിക്കുന്നവർ.
Discussion about this post