ലഖ്‌നൗ : മഹാ കുംഭമേളയിലെ മൂന്നാം അമൃത സ്നാന ദിനമായ വസന്ത പഞ്ചമിയിൽ വൻ തീർത്ഥാടന തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെട്ടത്. രണ്ടാം അമൃത സ്നാന ദിനമായ മൗനി അമാവാസിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് കടുത്ത സുരക്ഷയായിരുന്നു ഇന്ന് മഹാകുംഭമേളയിൽ ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ട് പ്രത്യേകം വാർ റൂമിൽ നിരീക്ഷണം നടത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക വാർ റൂമിൽ പുലർച്ചെ മൂന്ന് മണിക്ക് തന്നെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യോഗം ആരംഭിച്ചു. ഡിജിപി, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അദ്ദേഹം നിരന്തരം അപ്‌ഡേറ്റുകൾ സ്വീകരിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു വന്നു.
സംഗമ സ്നാനത്തിനായി എത്തുന്ന എല്ലാ തീർത്ഥാടകർക്കും സമ്പൂർണ്ണമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്ന് യോഗി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. സുരക്ഷയും ക്രമീകരണങ്ങളും സംബന്ധിച്ച മുഴുവൻ സാഹചര്യങ്ങളും യോഗി വിലയിരുത്തി. ഒരു തീർത്ഥാടകന് പോലും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മേഖലയിലെ ഗതാഗത നിയന്ത്രണവും അദ്ദേഹം വിലയിരുത്തി.
വസന്ത പഞ്ചമി അമൃത സ്നാന ദിവസമായ ഇന്ന് രാവിലെ മാത്രം 70 ലക്ഷത്തോളം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തത്. പ്രവേശന കേന്ദ്രങ്ങൾ, സംഗമം, പോണ്ടൂൺ പാലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായി യോഗി നിർദ്ദേശം നൽകിയിരുന്നു. പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗം, ഹോം ഗാർഡുകൾ, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, യുപി എസ്ടിഎഫ് എന്നിവരെയും വസന്തപഞ്ചമയിലെ തിരക്ക് കണക്കിലെടുത്ത് സ്ഥലത്ത് വിന്യസിച്ചിരുന്നു.
വസന്തപഞ്ചമിയിലെ അമൃത് സ്നാനത്തോടനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ നാഗ സന്ന്യാസിമാർക്കൊപ്പം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കോടിക്കണക്കിന് ഭക്തരും എത്തിച്ചേർന്നിരുന്നു. 12 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സംഗമ ഘാട്ടുകളിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞ രീതിയിൽ ആയിരുന്നു ആകാശദൃശ്യങ്ങൾ. അമൃത സ്നാനത്തോടനുബന്ധിച്ച് പ്രത്യേക പുഷ്പ വൃഷ്ടിയും നടന്നു.
Discussion about this post