കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. എം വി നികേഷ് കുമാറിനെ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നികേഷ് കുമാറിനെ കൂടാതെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവരും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വി കുഞ്ഞികൃഷ്ണനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻ തളിപ്പറമ്പ് എംഎൽഎ ആയ ജെയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തിൽ വച്ച് അദ്ദേഹം സംസ്ഥാന സമിതിയിൽ നിന്നും സ്വയം ഒഴിവായിരുന്നു.
പ്രത്യേക ക്ഷണിതാക്കളായ 2 പേരടക്കം 11 പുതിയ അംഗങ്ങളാണ് പുതിയതായി കണ്ണൂർ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
Discussion about this post