ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യുപിഎയ്‌ക്കോ എൻഡിഎയ്‌ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. അതിവേഗം വളർന്നിട്ടും നമ്മൾ നേരിടുന്ന സാർവത്രികമായ പ്രശ്നം തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നതാണ്. യുപിഎ സർക്കാരോ ഇപ്പോൾ ഭരിക്കുന്ന എൻഡിഎ സർക്കാരോ രാജ്യത്തെ യുവാക്കൾക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാനായിട്ടില്ലെന്നും രാഹുൽ പറഞ്ഞു.ഇതിൽ താൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താൻ പറയുന്നില്ല. ‘മെയ്ക്ക് ഇൻ ഇന്ത്യ’ നല്ല ആശയമായിരുന്നു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടുപോയെന്നും രാഹുൽഗാന്ധി അവകാശപ്പെട്ടു.
രാജ്യത്തെ മികച്ച കമ്പനികൾ ഉത്പാദനം വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും രാഹുൽഗാന്ധി പറയുന്നു, ഇപ്പോൾ ഉത്പാദനമെല്ലാം നമ്മൾ ചൈനയ്ക്ക് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.. തന്റെ മൊബൈൽഫോൺ ഉയർത്തിക്കാണിച്ചാണ് രാഹുൽഗാന്ധി സംസാരിച്ചത്. ”ഒരുരാജ്യമെന്ന നിലയിൽ ഉത്പാദനമേഖലയെ സംഘടിപ്പിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. ഇതെല്ലാം നമ്മൾ ചൈനയ്ക്ക് കൈമാറി. ഈ ഫോൺ ‘മെയ്ഡ് ഇൻ ഇന്ത്യ’ അല്ല. ഇത് ഇന്ത്യയിൽവെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയിൽ നിർമിച്ചതാണ്. ഓരോ തവണയും നമ്മൾ ഫോൺ ഉപയോഗിക്കുമ്പോഴും ബംഗ്ലാദേശി ഷർട്ട് ധരിക്കുമ്പോഴും നമ്മൾ അവർക്ക് നികുതി അടയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Discussion about this post