ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും, മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയായതിനാൽ ജയത്തേക്കാൾ ഉപരി ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഓപ്പണർ എന്ന നിലയിൽ സഞ്ജു സാംസൺ തന്റെ റോൾ എത്രത്തോളം ഭംഗിയായി കൈകാര്യം ചെയ്യുമെന്നതായിരുന്നു പ്രധാന ചോദ്യം. സഞ്ജു മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും പെട്ടെന്ന് പുറത്തായത് ആ ചോദ്യത്തെ ഇപ്പോഴും ഉത്തരമില്ലാതെ ബാക്കി നിർത്തുന്നു.
മൂന്നാം നമ്പറിൽ ഇറങ്ങിയ ഇഷാൻ കിഷനും മികച്ച രീതിയിൽ ബാറ്റിംഗ് ആരംഭിച്ചെങ്കിലും വലിയൊരു ഇന്നിങ്സിലേക്ക് മാറുന്നതിന് മുമ്പ് തന്നെ പുറത്തായി. രണ്ടുപേരുടെയും ബാറ്റിംഗിൽ സാങ്കേതികമായി പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെന്നും എന്നാൽ അവർ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ചോപ്ര പറഞ്ഞു. അടുത്ത രണ്ട് മത്സരങ്ങളിലും ഇവർക്ക് അവസരം ലഭിക്കുമെന്നും അതിൽ മികച്ച സ്കോറുകൾ നേടാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്തായാലും ലോകകപ്പിന് മുന്നോടിയായി ഈ രണ്ട് താരങ്ങൾക്കും വരും മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്.













Discussion about this post