ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാഹുൽ ഗാന്ധിയുടേത് മണ്ടൻ ആത്മവിശ്വാസമാണെന്നാണ് മന്ത്രിയുടെ പരിഹാസം. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ, പരാജയം കാരണം ചൈന, രാജ്യത്തിനകത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരമാർശത്തിന് മറുപടി നൽകുകയായിരുന്നു അവർ.
10 വർഷത്തെ യുപിഎ ഭരണത്തിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച മന്ത്രി, 2008 ൽ ചൈനയുമായി ഒപ്പുവച്ച ധാരണാപത്രം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നിങ്ങളുടെ ഭരണകാലത്ത് നിങ്ങൾ ചൈനയിൽ പോയി കരാർ ഒപ്പിട്ടു. ആ കരാറിലുള്ളത് എന്താണെന്ന് വെളിപ്പെടുത്താത്തത് എന്താണ്? കോൺഗ്രസ് ഭരണകാലത്ത് ചൈന കശ്മീരിൽ നിന്നും ലഡാക്കിൽ നിന്നും എത്ര ഭൂമി കൈക്കലാക്കി എന്നതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന്’ അവർ ചോദിച്ചു. ആത്യന്തികമായി കുറച്ച് വ്യവസായികൾക്ക് പ്രയോജനം ചെയ്യുന്ന ഇന്ത്യ ഉപഭോഗ പ്രേരിതമായി മാറുകയാണെന്ന രാഹുലിന്റെ കുപ്രചരണത്തിന് മറുപടി നൽകുകയായിരുന്നു അവർ.
ഇന്ത്യ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ മത്സരാധിഷ്ഠിതമായ ഫോണുകൾ കയറ്റുമതി ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് സ്മാർട്ട്ഫോൺ നിർമ്മാണ മേഖലയിൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങൾ ഉയർത്തിക്കാട്ടി മന്ത്രി ഇന്ത്യയുടെ നിർമ്മാണ ശേഷിയെ പ്രശംസിച്ചു. പത്തുവർഷത്തെ നിങ്ങളുടെ ഭരണത്തിൽ നിങ്ങൾ എന്താണ് ചെയ്തത്. ഒരു യൂണിറ്റ് പോലും ഉണ്ടാക്കിയിട്ടുണ്ടോ? ഒരു ദശാബ്ദത്തെ ഭരണത്തിന് ശേഷം കോൺഗ്രസ് അവശേഷിപ്പിച്ച മാലിന്യം ഞങ്ങൾ നാലോ അഞ്ചോ വർഷം കൊണ്ട് വൃത്തിയാക്കി, ”അവർ പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ യുപിഎയും എൻഡിഎയും പരാജയപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസിന്റെ ഭരണകാലത്ത് സമ്പദ്വ്യവസ്ഥ ‘തളർച്ച’യിലായിരുന്നുവെന്ന് സീതാരാമൻ കുറ്റപ്പെടുത്തി. യുപിഎ ഭരണകാലത്ത് ഒന്നും സംഭവിച്ചില്ല. സാമ്പത്തിക സ്തംഭനമുണ്ടായി, ബാങ്കുകൾക്ക് വൻ നഷ്ടമുണ്ടായി, വ്യവസായ പ്രമുഖർ കടകൾ അടച്ചു, ചിലർ ഇന്ത്യ വിട്ടുപോയി. അതിനാൽ യുവാക്കൾക്ക് ജോലി നൽകാൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് രാഹുൽ അംഗീകരിച്ചാൽ പോരാ. സമ്പദ്വ്യവസ്ഥ. മാന്ദ്യത്തിലായിരുന്നു, സമ്പദ്വ്യവസ്ഥയെ സമ്പൂർണ തകർച്ചയിലാക്കിയ നേതാക്കൾ ഇന്ന് അവർക്ക് ജോലി നൽകാൻ കഴിയില്ലെന്ന് സമ്മതിക്കുന്നു – ഇത് പോരായെന്ന് മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് യോഗ്യതയില്ലെന്ന് അവർ വിമർശിച്ചു.
Discussion about this post