ജയ്പൂർ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. മതപരിവർത്തന വിരുദ്ധ ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. 2024 നവംബർ 30-ന് രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകിയ ശേഷമാണ് ഇപ്പോൾ ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.
നിർബന്ധിത മത പരിവർത്തനം ജാമ്യം ഇല്ലാത്തതും കോടതി വിചാരണ നടത്താവുന്നതുമായ കുറ്റമാക്കുന്നതാണ് പുതിയ നിയമം. ബിൽ നിയമമായി മാറുന്നതോടെ മതം മാറ്റുന്നത് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറുന്നതാണ്. തെറ്റിദ്ധരിപ്പിക്കൽ, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരിക്കൽ അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗത്തിലൂടെയോ വിവാഹം വഴിയോ നടത്തുന്ന മതപരിവർത്തനം എന്നിവയെല്ലാം തന്നെ പുതിയ നിയമപ്രകാരം കുറ്റകരമാണ്.
പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽപ്പെട്ട വ്യക്തിയെയോ മതപരിവർത്തനം നടത്തുന്നവർക്ക് 10 വർഷം വരെയാണ് ശിക്ഷ ലഭിക്കുക. കൂട്ട മതപരിവർത്തനത്തിന് മൂന്നു വർഷം മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കും. പൂർണമായും സ്വന്തം താല്പര്യ പ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നവർ മജിസ്ട്രേറ്റിനു മുമ്പിൽ 60 ദിവസം മുൻപായി സത്യവാങ്മൂലം നൽകണമെന്നും രാജസ്ഥാന്റെ പുതിയ മതപരിവർത്തന നിരോധന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post