പാലക്കാട്:കഴിഞ്ഞ ദിവസമാണ് പാലക്കാട് ഐഐടി പ്രവര്‍ത്തിക്കുന്ന അഹല്യ മാനേജ്‌മെന്റിന് കീഴിലുള്ള താല്‍ക്കാലിക ക്യാമ്പസില്‍ ഒരു സംഘം ആക്രമണം നടത്തിയത്. സംഭവം നടന്നയുടന്‍ തന്നെ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണെന്ന് കാണിച്ച് പാലക്കാട് എംപി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യാമ്പസിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുന്നത് സിപിഎമ്മുകരാണെന്ന ആരോപണവുമായി അഹല്യ ഗ്രൂപ്പ് മാനേജ്‌മെന്റ് അധികൃതര്‍ തന്നെ രംഗത്തെത്തിയത് സിപിഎമ്മിന് തിരിച്ചടിയായി.
ഐഐടി താല്‍ക്കാലിക ക്യാമ്പസില്‍ നടക്കുന്ന ഹോസ്റ്റലിന്റെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്യാമ്പസ് പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലികമായ അനുമതി നല്‍കിയ സ്ഥലത്തിന്റെ ഉടമസ്ഥരായ അഹല്യ ഗ്രൂപ്പ് മാനേജ്‌മെന്റിന്റെ പരാതി. സിപിഎം വടകരപതി ലോക്കല്‍ സെക്രട്ടറി സുലൈമാന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ക്യാമ്പസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഐഐടി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ പ്രവര്‍ത്തിക്കാനാവില്ലെന്ന് സര്‍ക്കാരിനെ അറിയിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്,
പാലക്കാട് ഐഐടിയ്ക്ക് സ്വന്തം കെട്ടിടം ആകുന്നതുവരെ അഹല്യഗ്രൂപ്പിന്റെ സൗകര്യം ഉപയോഗപ്പെടുത്താനായിരുന്നു ധാരണ. എന്നാല്‍ പുതിയ ബാച്ചിനായി കെട്ടിടം നിര്‍മ്മിക്കുന്നത് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതും ഇതിന്റെ ഭാഗമായാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സിപിഎം നേതാക്കള്‍ക്കെതിരെ മാനേജ്‌മെന്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഗതികള്‍ ഇങ്ങനെയായിരിക്കെ അക്രമികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെന്ന് പ്രചരിപ്പിക്കുകയാണ് പാലക്കാട് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായി എംബി രാജേഷ് ചെയ്തതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.ക്യാമ്പസില്‍ ആക്രമണം നടത്തിയത് മദ്യപിച്ചെത്തിയ 20 അംഗ സംഘമാണെന്നാണ് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഐഐടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്നവരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ വ്യാജ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയാന്‍ എംബി രാജേഷ് തയ്യാറാകണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാവുമെന്ന തെറ്റിദ്ധാരണയുടെ തുടര്‍ച്ചയാണ് ഇത്തരം പ്രചരണങ്ങളെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
പാലക്കാട് ഐ.ഐ.റ്റി. ക്യാമ്പസ്സില്‍ കയറി ആര്‍.എസ്സ്.എസ്സ്.ബി.ജെ.പി. ക്രിമിനലുകള്‍ ഐ.ഐ.റ്റി. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി അല്‍പ്പം മുന്‍പ് വിവരം കിട്ടി. മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചത്. അക്രമികളില്‍ മിക്കവരും മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഞാന്‍ ഡെല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ടു. അക്രമി സംഘത്തില്‍ ഇരുപത് പേരുള്ളതായിട്ടാണ് പോലീസ് പറഞ്ഞത്. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശേഷിക്കുന്ന അക്രമികളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പസ്സില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഞെട്ടിപ്പിക്കുന്ന ഈ ആക്രമണം കേരളത്തിനാകെ നാണക്കേടാണ്. രാജ്യമാകെ ഐ.ഐ.റ്റി. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വക്കുകയും വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണക്കാക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇതിനെല്ലാം ധൈര്യം പകരുന്നത്. ഇന്നാണ് ഒരു ദേശീയ ദിനപത്രത്തില്‍ അടുത്ത ലക്ഷ്യം മുംബൈയിലെ പ്രശസ്തമായ റ്റാറ്റ ഇന്‍സ്റ്റിറ്റിയ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആണെന്ന് എ.ബി.വി.പി.യുടെ പ്രസ്താവന കണ്ടത്. രാജ്യത്തെ അറിവിന്റെയും മികവിന്റെയും കേന്ദ്രങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ഒന്നൊന്നായി സംഘപരിവാര്‍ ലക്ഷ്യം വച്ച് ആക്രമിക്കുകയാണ് എന്നിത് വ്യക്തമാക്കുന്നു. രാജ്യത്ത് വളര്‍ത്തിയെടുക്കുന്ന ഈ പരിതസ്ഥിതി തന്നെയാവണം പാലക്കാട് ഐ.ഐ.റ്റി. ക്യാമ്പസ്സില്‍ അതിക്രമിച്ച് കയറി കുട്ടികളെ ആക്രമിക്കാനും കാരണമായത്. ഇതിനെ അപലപിക്കാനും ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അക്കാദമിക് സമൂഹവും രക്ഷിതാക്കളും നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തിറങ്ങണം.
ഇത് സംബന്ധിച്ച ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട്-
Discussion about this post