ചെന്നെ: പ്രശസ്ത തമിഴ് നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. വാർദ്ധഖ്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ് പുഷ്പലത.
എംജിആർ, ശിവാജി ഗണേശൻ, തുടങ്ങി തമിഴ് സിനിമാ ലോകത്തെ തലതൊട്ടപ്പന്മാരോടൊപ്പം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1958ൽ പുറത്തിറങ്ങിയ ‘ചെങ്കോട്ടൈ സിംഗം’ എന്ന തമിഴ് ചിത്രത്തിലുടെയാണ് പുഷ്പലത സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
തമിഴ് കൂടാതെ, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘നാൻ അടിമൈ ഇല്ലൈ’, കമൽ ഹാസന്റെ ‘കല്യാണരാമൻ’, സകലകലാവല്ലവൻ’ എന്നീ ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1964ൽ ലക്‌സ് സോപ്പ് പരസ്യങ്ങളുടെ മോഡലായിരുന്നു പുഷ്പലത.
‘നാനും ഒരു പെണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് എവിഎം രാജനുമായി പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരായി. 1970 മുതൽ നിരവധി ചിത്രങ്ങളിൽ പുഷ്പലത സഹതാരമായി അഭിനയിച്ചിട്ടുണ്ട്. 1999ൽ മുരളി പ്രധാന കഥാപാത്രമായി എത്തിയ പൂവാസം എന്ന ചിത്രത്തിലാണ് പുഷ്പലത അവസാനമായി അഭിനയിച്ചത്.
സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് പുഷ്പലതയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് എത്തുന്നത്. സംസ്‌കാരം ഇന്ന് ചെന്നൈയിൽ വച്ച് നടക്കും.
Discussion about this post