ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി ഓരോ വർഷവും മൂന്ന് ശതമാനത്തിലേറെ വളർച്ച കൈവരിക്കുന്നതായാണ് ബിസിനസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്സവ സീസണുകളിൽ ഓൺലൈൻ വിപണികളിൽ പോലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് സ്മാർട്ട്ഫോണുകൾ ആണ്. പ്രീമിയവൽക്കരണവും ഇഎംഐ ഓഫറുകളും ട്രേഡ്-ഇൻ ഓപ്ഷനുകളും എല്ലാം കൊണ്ട് ഇന്ന് ആഗോളതലത്തിൽ തന്നെ സ്മാർട്ട്ഫോൺ വിപണി ഉപഭോക്താക്കളെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു. ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ അലയൊലികൾ തന്നെയാണ് ഇന്ത്യയിലും ദൃശ്യമാകുന്നത്.
ആഗോളതലത്തിലും സ്മാർട്ട്ഫോൺ വിപണി കഴിഞ്ഞ വർഷങ്ങളിൽ ഏറെ സജീവമാണ്. കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോൺ ഐഫോൺ 15 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാന വിപണികളിലെ ശക്തമായ ഡിമാൻഡ് തന്നെയാണ് ഐഫോൺ 15നെ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. നൂതന സവിശേഷതകളും വിശ്വാസ്യതയും കാരണം ഐഫോൺ15 വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായി മാറി. സ്മാർട്ട്ഫോൺ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ളത്
ഐഫോൺ 15 പ്രോ മാക്സ് ആണ്. ഉയർന്ന നിലവാരമുള്ള ക്യാമറ സംവിധാനം, വലിയ ഡിസ്പ്ലേ, നീണ്ട ബാറ്ററി ലൈഫ് എന്നിവ പ്രീമിയം സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കിടയിൽ ഇതിനെ പ്രിയങ്കരമാക്കി. ആപ്പിൾ ഐഫോൺ 15 പ്രോ ആണ് ഏറ്റവും കൂടുതൽ വില്പന നടന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ.
സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്ന ബ്രാന്റുകളിൽ മറ്റൊന്ന് സാംസങ് ആണ്. ആപ്പിളിന്റെ ഐഫോണിന് ഒരു ബദൽ ആയാണ് പല ഉപഭോക്താക്കളും സാംസങ്ങിന്റെ എസ് സീരീസ് ഫോണുകളെ കാണുന്നത്. എന്നാൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സാംസങ് ഫോൺ മറ്റൊന്നാണ്. സാംസങ്ങിന്റെ ഗാലക്‌സി എ 15 ആണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്ന സാംസങ് ഫോൺ. താങ്ങാനാവുന്ന വില, വിശ്വസനീയമായ പ്രകടനം, ശക്തമായ സവിശേഷതകൾ എന്നിവ ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും മികച്ച ഓപ്ഷൻ ആയി ഗാലക്‌സി എ 15നെ മാറ്റുന്നു. സാംസങ്ങിന്റെ ഗാലക്‌സി എ35 ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റൊരു സ്മാർട്ട് ഫോൺ. മിഡ് റേഞ്ച് ഫോണുകളുടെ വിഭാഗത്തിലാണ് ഇത് വരുന്നത്.
ബഡ്ജറ്റ് സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിൽ കഴിഞ്ഞവർഷം മുന്നിട്ടു നിന്നത് സാംസങ്ങിന്റെ തന്നെ ഗ്യാലക്സി എ05 ആണ്. 10000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാർട്ട്ഫോൺ തിരയുന്ന സാധാരണക്കാരുടെ ഏറ്റവും മികച്ച ഓപ്ഷൻ ആയി ഇത് മാറി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന മറ്റൊരു ഫോൺ റെഡ്മി13 സി ആണ്. കുറഞ്ഞ വിലയിൽ മികച്ച ക്യാമറ എന്നതായിരുന്നു ഈ രണ്ടു ഫോണുകളുടെയും പ്രധാന സവിശേഷതയായി ഉണ്ടായിരുന്നത്.
Discussion about this post