പെന്‍സില്‍വാനിയ: പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നതിനിടെ കുതിച്ചുയരുകയാണ് ് മുട്ടവിലയും. കടയിലേക്ക് മുട്ടയുമായി പോയ ട്രെക്ക് മോഷ്ടാക്കള്‍ കൊള്ളയടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇങ്ങനെ കാണാതായത് 1 ലക്ഷം മുട്ടകളാണ്. അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്താണ് സംഭവം. 40000 ഡോളര്‍( ഏകദേശം 3,492,495 രൂപ) വില വരുന്ന മുട്ടകളാണ് മോഷണം പോയത്. ഗ്രീന്‍ കാസ്റ്റിലിലുള്ള പീറ്റെ ആന്‍ഡ് ജെറി ഓര്‍ഗാനിക്‌സ് എന്ന ഗ്രോസറി കടയിലേക്ക് മുട്ടകള്‍ കൊണ്ടുപോയ ട്രെക്കാണ് കൊള്ളയടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. ഇനിയും 20 ശതമാനത്തോളം വില കൂടുമെന്നിരിക്കെയാണ് മുട്ട മോഷണം. ചൊവ്വാഴ്ച ഓരോ മുട്ടയ്ക്കും അര ഡോളര്‍ സര്‍ചാര്‍ജ്ജും ചുമത്തിയിരുന്നു. 2022ലുണ്ടായ പക്ഷിപ്പനി മാസങ്ങളോളം അമേരിക്കയെ സാരമായി ബാധിച്ചിരുന്നു.
ഡിസംബറില്‍ തന്നെ മുട്ടവിലയില്‍ എട്ട് ശതമാനത്തോളം വര്‍ധനവുണ്ടായിരുന്നു. ഓരോ കാര്‍ട്ടണ്‍ മുട്ടയ്ക്കും ഏറ്റവും കുറഞ്ഞത് 2023ലേക്കാള്‍ മൂന്ന് ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം
അമേരിക്കയില്‍ പടരുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്.
കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 65 വയസുള്ള രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളില്‍ നിന്നെടുത്ത സാമ്പിളില്‍ അസ്വാഭാവിക മാറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വൈറസിന് കോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്ന ജീനുകളിലാണ് മാറ്റം വന്നതായി കണ്ടെത്തിയത്. ജനിതകമാറ്റത്തോടെ, ശ്വാസനാളിയിലെ കോശങ്ങളിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ വൈറസിന് സാധിക്കുമെന്നാണ് വിവരം. വൈറസിന്റെ ജനിതകമാറ്റം അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിനെ അറിയിച്ചിട്ടുണ്ട്.
എച്ച്2എന്‍1 എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന ഈ വൈറസ് അവയില്‍ നിന്ന് മനുഷ്യരിലേക്കും പകരും. എന്നാല്‍ ഇതുവരെ വൈറസിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ആര്‍ജിക്കാനായിട്ടില്ല. മനുഷ്യരില്‍ തന്നെ അപൂര്‍വമായാണ് പക്ഷിപ്പനി ബാധയുണ്ടാകുക. നിലവിലെ ജനിതകമാറ്റം മൂലമുണ്ടായ രോഗവ്യാപനം വളരെ കുറവേ കണ്ടെത്തിയിട്ടുള്ളു. അമേരിക്കയിലെ പൗള്‍ട്രി ഫാമുകളിലും പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലും രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജനിതകമാറ്റം ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരെ പക്ഷികളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതിനാല്‍ രോഗിയില്‍ പ്രവേശിച്ചതിന് ശേഷമാകാം വൈറസിന് ജനിതകമാറ്റമുണ്ടായതെന്നാണ് അനുമാനം.
Discussion about this post