ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് കൃത്യമായി മാസാമാസം പരിശോധിക്കുന്ന എത്രപേരുണ്ട്. തിരക്കിനിടയില്‍ പലപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നല്ലാതെ എവിടെ എങ്ങനെ ചെലവഴിച്ചു എന്നൊന്നും പലരും ഓര്‍ത്തുവെയ്ക്കില്ല. എന്നാല്‍ അക്കൗണ്ട് കാലിയാകുമ്പോഴാണ് എന്തിനൊക്കെ ചെലവാക്കി എന്നതിനെക്കുറിച്ച് ആകുലപ്പെടുക. എന്തുകൊണ്ടാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ സൂക്ഷ്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. ഈ ഒരു കാരണം കൊണ്ട് മാത്രമാണോ? അല്ലെന്നതാണ് ഉത്തരം.ബാങ്ക് സ്റ്റേറ്റ്മെന്റ് എല്ലാ മാസവും പരിശോധിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.
ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സഹായകരമാകും. അക്കൗണ്ടിലെ പണം എവിടെ, എന്തിനാണ് ചെലവഴിച്ചതെന്ന് മനസിലാക്കുകയും, രേഖകളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, കണ്ടുപിടിക്കാനും ഭാവിയില്‍ ആശയക്കുഴപ്പം ഒഴിവാക്കാനും കഴിയും.
ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിയതിന് പിന്നാലെ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിച്ചുകഴിഞ്ഞു. പലരും ഫോണില്‍ തന്നെ ബാങ്കുകളുടെ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് അതുകൊണ്ടുതന്നെ, നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് ആവശ്യമാണ്, .നിങ്ങളറിയാതെ ട്രാന്‍സാക്ഷന്‍സ് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഇത് സഹായകരമാകും.
ബാങ്കുകള്‍ വിവിധ ചാര്‍ജ്ജുകള്‍ ഈടാക്കാറുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് വിവിധ ചാര്‍ജ്ജുകളെക്കുറിച്ച് പലപ്പോഴും ധാരണയുണ്ടാകില്ല.. ഉദാഹരണത്തിന്, ചില ബാങ്കുകള്‍ ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് നല്‍കുന്നതിനും മറ്റും ഫീസ് ഈടാക്കാറുണ്ട്. ഇത്തരം ചാര്‍ജ്ജുകള്‍ അറിയുന്നതിനായി ,മാസം തോറും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ പിഴ ആവശ്യമില്ലാത്ത ഇടപാടുകളിലും ബാങ്കുകള്‍ തെറ്റായി ഫീസ് ചുമത്തിയെന്ന് വരാം. ഇത് നിങ്ങള്‍ക്ക് ബാങ്കിനെ അറിയിക്കാം.
ചെലവുകള്‍ അമിതമാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുകയാണെങ്കില്‍ പണം എവിടെ ചെലവഴിച്ചുവെന്ന് മനസിലാക്കാന്‍ കഴിയും. ഇത് വഴി അനാവശ്യ ചെലവുകള്‍ കണ്ടെത്തി ഒഴിവാക്കാനും സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും.
Discussion about this post