ഇന്ന് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ പുതിയ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ജനിച്ചു വളർന്ന രാജ്യത്തുനിന്നും പാലായനം ചെയ്യേണ്ടി വന്ന ഒരു ജനത ആദ്യമായി വോട്ട് ചെയ്ത തിരഞ്ഞെടുപ്പാണിത്. നരേന്ദ്രമോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച പാകിസ്താനി ഹിന്ദുക്കൾ ആദ്യമായി ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തി.
186 പാകിസ്താനി ഹിന്ദുക്കൾ ആണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. അഭയാർത്ഥികളായി കഴിഞ്ഞിരുന്ന രാജ്യത്ത് അവിടുത്തെ പൗരത്വം നേടി തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനും വോട്ട് ചെയ്യാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ ആയിരുന്നു അവർ ഓരോരുത്തരും ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ആണ് ഉള്ളത് എന്ന് ഓരോ പുതിയ വോട്ടർമാരും വ്യക്തമാക്കി.
പാകിസ്താനി ഹിന്ദു അഭയാർത്ഥി സമൂഹത്തിന്റെ പ്രസിഡന്റ് ധരംവീർ സോളങ്കി ഉൾപ്പെടെ പുതുതായി പൗരത്വം ലഭിച്ച എല്ലാവരും തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന തങ്ങളുടെ പോരാട്ടത്തിന്റെ വിജയനിമിഷങ്ങളിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇപ്പോൾ ഞങ്ങൾക്ക് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയേണ്ട. ഞങ്ങൾക്ക് സ്വന്തമായി ഒരു മേൽവിലാസം ലഭിച്ചിരിക്കുന്നു. വൈകാതെ തന്നെ ഞങ്ങൾക്ക് ഒരു വീടും സ്ഥിരമായ ഉപജീവനമാർഗ്ഗവും ലഭിക്കും” എന്നും മജ്നു കാ തിലയിലെ പോളിംഗ് ബൂത്തിന് പുറത്ത് വെച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
പാകിസ്താനി ഹിന്ദു സമൂഹത്തിൽ നിന്നുമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആദ്യമായി വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു. 20 വർഷത്തോളമായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിട്ടും ആദ്യമായാണ് തങ്ങൾ ഇന്ത്യയുടെ ഒരു ഭാഗമാണെന്ന് തോന്നുന്നത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. പാകിസ്താനിൽ നിന്നുള്ള മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആയിരക്കണക്കിന് പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ട്. പലരും ഡൽഹിയിലെ മജ്നു കാ തിലയിൽ ആണ് താമസമാക്കിയിട്ടുള്ളത്. അവിടെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചുകൊണ്ട് ദിവസ വേതനത്തിൽ ജോലി ചെയ്തു വന്നിരുന്ന ഇവരിൽ പലർക്കും നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 11നായിരുന്നു കേന്ദ്ര സർക്കാർ 2019 ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ ആയ ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ തന്നെ പൗരത്വ ഭേദഗതി നിയമപ്രകാരം നിരവധി പേർ ഇന്ത്യൻ പൗരത്വം സ്വന്തമാക്കി.
Discussion about this post