പിറന്നതിന് പിന്നാലെ രണ്ടായും,ബദ്ധവൈരികളായി തീർന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുനിയവെയാണ് അഖണ്ഡഭാരതത്തിന്റെ മാറ് പിളർന്ന് പടിഞ്ഞാറ് ഭാഗത്തെയും കിഴക്ക് ഭാഗത്തെയും മുറിച്ചുമാറ്റിയത്. അന്നത്തെ മുറിവുണക്കാൻ കാലങ്ങളായി പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും പാകിസ്താൻ ചെയ്തികൾ പലപ്പോഴും ആ മുറവിൽ ഉപ്പുപുരട്ടി. അയൽക്കാരനെ ദ്രോഹിക്കാൻ മാത്രം രൂപീകൃതമായ രാജ്യമെന്നോണം അവർ പ്രവർത്തിച്ചു. ഇന്ത്യയെ തകർക്കാനായി ഭീകരതയ്ക്ക് പാലൂട്ടി,അതിർത്തികൾ കലുഷിതമാക്കി,അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ച് ചതിയിലൂടെ മണ്ണ് സ്വന്തമാക്കാൻ നോക്കി.
പരിണിതഫലമോ? ഇന്ത്യയ്ക്കുള്ള പണികൾ ആലോചിക്കുന്നതിനിടയിൽ സ്വന്തം രാജ്യത്തിന്റെ ഭാവി മറന്നു.പൗരന്മാരെ അരക്ഷിതരാക്കി, അവരെ ഭരണകൂടത്തിൽ നിന്നും അകറ്റി. ശേഷം സംഭവിച്ചത് എന്താണ്? രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകർന്നു,ഭീകരതയ്ക്ക് കയ്യും മെയ്യും മറന്ന് സഹായിക്കുന്ന നയം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. നാടാകെ കടം പെരുകി,പെരുകി പലതും അടിയറവ് വച്ച് തുടങ്ങേണ്ടതായി വന്നു.
ഇന്ത്യയാകട്ടെ ഇടയ്ക്ക് തങ്ങൾക്കേറ്റ പോറലുകളുകളിൽ മരുന്നുപുരട്ടി മുന്നോട്ട് കുതിച്ചു. വികസിതഭാരതമെന്ന സ്വപ്‌നത്തിലേക്കും ലോകശക്തികളിലൊന്ന് എന്ന പദവിയിലേക്കും വളർന്നു. ഇന്ത്യയ്‌ക്കെതിരെ ഇനി വെറുതെ ആരോപണങ്ങൾ ഉന്നയിച്ചിട്ടോ പാര പണിഞ്ഞിട്ടോ കാര്യമില്ലെന്ന് പതിയെ പാക് ഭരണകൂടം തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഇന്ത്യയോടൊപ്പം ചർച്ചയ്ക്ക് തയ്യാറെന്ന് കൂടെക്കൂടെ പാക് ഭരണകർത്താക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്.
ഏറ്റവും ഒടുവിലിതാ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്. കശ്മീർ ഐക്യദാർഢ്യ ദിനം’ എന്ന പേരിൽ മുസാഫറാബാദിൽ നടന്ന പാകിസ്താൻ അധിനിവേശ കശ്മീർ (പിഒകെ) അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെയാണ് ഷെരീഫിന്റെ പ്രസ്താവന. 1999ലെ ലാഹോർ പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകസ്താനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാർഗം ചർച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറയുന്നു. 2019 ആഗസ്ത് 5-ലെ ചിന്തയിൽ നിന്ന് ഇന്ത്യ പുറത്തുവരണം, ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണം. ഇരുരാജ്യങ്ങളും സൗഹൃദം ആരംഭിക്കുകയും വേണം’ എന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചായിരുന്നു ഈ പ്രസ്താവന. ഇന്ത്യ ആയുധങ്ങൾ ശേഖരിക്കുകയാണെന്ന് ആരോപിച്ച ഷെരീഫ്, അത് മേഖലയിൽ സമാധാനം കൊണ്ടുവരില്ലെന്ന് ആരോപിച്ചു. ഇന്ത്യ ‘ബുദ്ധിയുള്ളവരായിരിക്ക’ണമെന്നും മുന്നോട്ട് പോകാനുള്ള ഏക മാർഗം സമാധാനമാണെന്നും ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ പ്രമേയം പ്രകാരമുള്ള ‘സ്വയം നിർണ്ണയാവകാശം’ മാത്രമാണ് കശ്മീർ പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്ന് പാക് പ്രധാനമന്ത്രി പറയുന്നു.
നേരത്തെയും ഷെഹബാസ്, ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അന്ന്, ഇന്ത്യയുമായി നടത്തിയ മൂന്ന് യുദ്ധങ്ങളിൽനിന്ന് പാഠം പഠിച്ചെന്നും ഇനി സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രി പറഞ്ഞത്. കശ്മീർ ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കിടയിലും കത്തിനിൽക്കുന്ന വിഷയങ്ങളിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആത്മാർത്ഥവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്താം. യുദ്ധങ്ങൾ സമ്മാനിച്ചത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. ഞങ്ങൾക്ക് ദാരിദ്ര്യം നിർമ്മാർജനം ചെയ്യണം. വളർച്ച കൈവരിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ജനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ജോലി നൽകുകയും വേണം.’ അതിനു പകരം, ബോംബുകൾക്കും വെടിക്കോപ്പുകൾക്കും രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ തങ്ങളില്ലെന്നുമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഷഹബാസ് ഷെരീഫിന്റെ സന്ദേശം. എന്നാൽ ഈ പ്രസ്താവന ചർച്ചയാകും മുൻപേ തിരുത്തലുമായി ഷെഹബാസ് രംഗത്തെത്തിയിരുന്നു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ സന്ധി ചർച്ചകൾ സാധ്യമാവൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു വിശദീകരണം
അതേസമയം, ഇന്ത്യയുമായി സാമാധാനശ്രമങ്ങൾ വേണമെന്ന് പരസ്യപ്രസ്താവന നടത്തുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയല്ല ഷഹബാസ് ഷെരീഫ്. 2015-ൽ, ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് നാലിന പദ്ധതി അന്നത്തെ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുടെ സഹോദരനുമായ നവാസ് ഷെരീഫ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുന്നിൽ വെച്ചിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് മുൻപ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനും തുറന്നുപറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അഭ്യർത്ഥനയുടെ സ്വരം കലർത്തിയും ഇയ്ക്ക് ഭീഷണിപ്പെടുത്തിയും പാകിസ്താൻ കൂടെക്കൂടെ പ്രശ്‌നപരിഹാരത്തിന് തയ്യാറാണെന്ന് പറയുന്നത് എന്ത് കൊണ്ടാവാം? നിലനിൽപ്പിന്റെ പ്രശ്‌നം എന്നതാണ് കൃത്യമായ ഉത്തരം.
സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്ര തകർച്ചയിലാണ് പാകിസ്താന്റെ ഇപ്പോഴത്തെ ലക്കുകെട്ട യാത്ര. പാകിസ്താന്റെ ‘റിസർവ് ബാങ്കാ’യ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കുകൾ പ്രകാരം 2014-ന് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിദേശനാണ്യശേഖരമാണ് ഉള്ളത്. അന്തർദേശീയവായ്പകളാകട്ടെ കഴുത്തൊപ്പം എത്തികഴിഞ്ഞു. പണപ്പെരുപ്പവും ഖജനാവ് കാലിയായതും രാജ്യത്തിന്റെ പ്രതിരോധബജറ്റിന്റെ കാര്യത്തിൽ വരെ പ്രതിസന്ധിയുണ്ടാക്കി. ഭീകരതയെ കണ്ടില്ലെന്ന് നടിച്ചത് തിരിഞ്ഞുകൊത്തി തുടങ്ങി, അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനുമായുള്ള പ്രശ്‌നങ്ങളും ആഭ്യന്തരസംഘർഷങ്ങളും പാകിസ്താനെ പാടെ വലച്ചു. വലിയ ഞെരുക്കത്തിലൂടെ പോകുമ്പോൾ അതിർത്തിയിൽ ഇനിയും ഒരു സംഘർഷമുണ്ടാവുന്നത് വലിയ ബാധ്യതകളിലേക്ക് നയിക്കുമെന്ന സ്വയം തിരിച്ചറിയലാവാം താത്കാലികമായെങ്കിലും സമാധാനത്തിന്റെ പാത സ്വീകരിക്കാൻ പാകിസ്താനെ നിർബന്ധിരാക്കുന്നത്. ഇന്ത്യയെ വെറുതെ പ്രകോപിപ്പിക്കാതെ, വെള്ളക്കൊടി വീശി ഒരുഭാഗത്തേക്ക് ചുളുണ്ടുകൂടുന്നതാവാം ബുദ്ധിയെന്ന് ആരോ ഉപദോശിച്ചുകാണും
Discussion about this post