നിങ്ങൾക്കൊരു കെട്ടിടം പൊളിക്കാൻ കഴിഞ്ഞേക്കും, പക്ഷേ, ഒരു ചരിത്രത്തെ തുടച്ചു നീക്കാൻ കഴിയില്ല… തന്റെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ധാക്കയിലെ വസതി നൂറുകണക്കിന് പ്രതിഷേധക്കാർ ചേർന്ന് അഗ്നിക്കിരയാക്കിയതിന് പിന്നാലെ, ബംഗ്ലാദേശിൽ നിന്നും പലായനം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞ വാക്കുകളാണിത്. തന്റെ പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഒരു വെർച്വൽ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീനയുടെ വാക്കുകൾ.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ 32 ധൻമോണ്ടി വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് ഷെയ്ഖ് ഹസീന ചോദിച്ചു.
‘എന്തിനാണ് ഒരു വീടിനെ ഭയപ്പെടുന്നത്? ഞാൻ ബംഗ്ലാദേശിലെ ജനങ്ങളിൽ നിന്ന് നീതി തേടുകയാണ്. എന്റെ രാജ്യത്തിനായി ഞാൻ ഒന്നും ചെയ്തിട്ടില്ലേ? പിന്നെ എന്തിനാണ് ഇത്ര അനാദരവ്? എന്റെ സഹോദരിയും ഞാനും മുറുകെ പിടിച്ചിരിക്കുന്ന ഒരേയൊരു ഓർമ്മ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾക്കൊരു കെട്ടിടം പൊളിക്കാൻ കഴിഞ്ഞേക്കും, പക്ഷേ ചരിത്രത്തെ മായ്ക്കാൻ കഴിയില്ല’- കണ്ണീരോടെ ഹസീന പറഞ്ഞു. ‘ചരിത്രം ഇതിനെല്ലാം കണക്കു ചോദിക്കുമെന്ന് ഓർമ്മിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അവാമി ലീഗ് പ്രവർത്തകരോട് ഷെയ്ഖ് ഹസീന ഓൺലൈൻ വഴി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് വലിയൊരു സംഘം അക്രമികൾ ധാക്കയിലെ ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ വസതി തകർക്കുകയും തീയിടുകയും ചെയ്തത്.
ബംഗ്ലാദേശിന്റെ ചരിത്രത്തിൽ തന്നെ കാത്തുവയ്‌ക്കേണ്ട ഏറ്റവും വലിയ അടയാളമായിരുന്നു ഈ വീട്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വയംഭരണ പ്രസ്ഥാനത്തിന് മുജിബുർ പതിറ്റാണ്ടുകളോളം ഈ വസതിയിൽ നിന്നാണ് നേതൃത്വം നൽകിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത്, രാഷ്ട്രത്തലവന്മാരോ വിശിഷ്ട വ്യക്തികളോ സംസ്ഥാന പ്രോട്ടോക്കോൾ അനുസരിച്ച് സന്ദർശിക്കുന്ന ഒരു മ്യൂസിയമാക്കി മുജിബുർ റഹ്‌മാന്റെ വസതി മാറ്റിയിരുന്നു.
തന്റെ പ്രസംഗത്തിനിടെ, മുൻകാല കൊലപാതക ശ്രമങ്ങളെക്കുറിച്ചും ഹസീന ഓർമ്മിച്ചു. ‘ഈ ആക്രമണങ്ങളിൽ നിന്നെല്ലാം അല്ലാഹു എന്നെ ജീവനോടെ രക്ഷിച്ചിട്ടുണ്ടെങ്കിൽ, അതിനർത്ഥം എനിക്ക് എന്തോ ജോലി ബാക്കിയുള്ളതുകൊണ്ടാകും. അല്ലെങ്കിൽ, എനിക്ക് എങ്ങനെ ഇത്രയധികം തവണ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഇത്തവണ മുഹമ്മദ് യൂനുസിന്റെ പദ്ധതി എന്നെയും എന്റെ സഹോദരിയെയും കൊല്ലുക എന്നതായിരുന്നു’- ഹസീന തുറന്നടിച്ചു.
സ്ഥാപനങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ശക്തികളാൽ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
ക്വാട്ട പ്രസ്ഥാനത്തെ തുടർന്നുണ്ടായ അക്രമത്തിൽ യഥാർത്ഥ വിദ്യാർത്ഥികൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ഹസീന നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീവ്രവാദികൾക്ക് കൈമാറരുതെന്നും മുന്നറിയിപ്പ് നൽകി. താൻ സ്ഥാനമൊഴിഞ്ഞതിന് ശേഷം, വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി ഭരണപരാജയങ്ങൾ ഉണ്ടായി.
വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പാഠപുസ്തകങ്ങൾ പോലും കിട്ടാതെയായി.ച കായികരംഗത്ത് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചം അവർ ആശങ്ക പ്രകടിപ്പിച്ചു. താൻ രാജ്യം വിട്ടതിനെ തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർക്കും അവാമി ലീഗ് അനുയായികൾക്കും നേരെ പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ചും ഹസീന എടുത്തുപറഞ്ഞു. ഇത് ക്രമസമാധാനത്തിനു നേരെയുള്ള ആക്രമണമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ജനാധിപത്യ ഭരണത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും ഹസീന വ്യക്തമാക്കി.
Discussion about this post