ന്യൂഡൽഹി: കോൺഗ്രസിനും എംപി രാഹുൽ ഗാന്ധിയ്‌ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിആർഎസ് നേതാവ് കെ.ടി രാമ റാവു. രാഹുൽ ഗാന്ധി എന്ന പേര് അദ്ദേഹം ഇലക്ഷൻ ഗാന്ധി എന്ന് ആക്കണം. പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് കോൺഗ്രസ് ഒരു നാണവുമില്ലാതെയാണ് നുണകൾ പ്രചരിപ്പിക്കുന്നത് എന്നും രാമ റാവു പറഞ്ഞു. കഴിഞ്ഞ ദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നുണകൾ, നിരവധി നുണകൾ. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ നിന്നും രണ്ട് കാര്യങ്ങളാണ് തെലങ്കാനയിലെ ആളുകൾക്ക് മനസിലായി കാണുക. ഒന്ന് ഒരു വീക്ഷണവും ഇല്ലാത്ത പരാജയപ്പെട്ട സർക്കാരാണ് തങ്ങളെ ഭരിക്കുന്നത്. രണ്ട് പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.
ഇന്നലെ സഭയിൽ ജാതി സർവ്വേയുടെ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. യാതൊന്നും അറിയാതെ ആയിരുന്നു ഇന്നലെ സർക്കാർ ഈ റിപ്പോർട്ട് അവതരിപ്പിച്ചത്. 42 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നില്ല എന്നാണ് വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി വാഗ്ദാനങ്ങൾ ആയിരുന്നു കോൺഗ്രസ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ ഇതിൽ നിന്നെല്ലാം സർക്കാർ യൂ ടേൺ എടുക്കുകയാണ്. ഒരു നാണവുമില്ലാതെ എല്ലാത്തിന്റെയും ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്റെ തലയിൽകെട്ടിവയ്ക്കുന്നു. നിങ്ങൾ തരുന്ന എല്ലാ വാഗ്ദാനങ്ങളും വെറും പൊള്ളയാണെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നുവെന്നും രാമ റാവു കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പേര് ഇലക്ഷൻ ഗാന്ധി എന്നാക്കുത് വളരെ നന്നായിരിക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം നുണ ആയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആറ് മാസത്തിനുള്ളിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 42 ശതമാനം ആയി വർദ്ധിപ്പിക്കും എന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ ഇതൊന്നും കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാം നുണകളാണ് കോൺഗ്രസ് ജനങ്ങളോട് പറയാറുള്ളത്. ഇതെല്ലാം ആരാണ് ഉപദേശിച്ച് തരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post