ദുബായ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ബാധകമാകുന്ന കടുത്ത നിയമവുമായി യുഎഇ. സര്‍ക്കാര്‍ ലോഗോകള്‍ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം (1,18,96,960 രൂപ) വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ അറിയിപ്പ്. ദുബായ് എമിറേറ്റിന്റെയും ദുബായ് സര്‍ക്കാരിന്റെയും ചിഹ്നങ്ങളും ലോഗോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സര്‍ക്കാര്‍ ചിഹ്നങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ ഇത് രണ്ടും കൂടിയോ ശിക്ഷ വിധിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ പുതിയ നിയമം പുറത്തിറക്കിയത്. ഇതുവഴി പരസ്യം ചെയ്യല്‍, ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി വാണിജ്യ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ലോഗോകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇതു കൂടാതെ തന്നെ ലോഗോയെ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്ത് അതിന്റെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.
ദുബായ് എമിറേറ്റിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വിരുദ്ധമായ യാതൊരു പരിപാടികളിലും ഇത്തരം ചിഹ്നം ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ദുബായ് എമിറേറ്റിന്റെ ലോഗോ പ്രത്യേക അനുമതി തേടിയാല്‍ സ്ഥാപനങ്ങള്‍, പരിപാടികള്‍, രേഖകള്‍, മുദ്രകള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ദുബായ് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍, പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, രേഖകള്‍, സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കാം.
ആരെങ്കിലും നിയമവിരുദ്ധമായി സര്‍ക്കാര്‍ ലോഗോ ദുരുപയോഗം ചെയ്താല്‍ അത് ഉടന്‍തന്നെ അധികാരികളെ അറിയിക്കണമെന്നും നിയമത്തിലുണ്ട്. ദുബായില്‍ താമസിക്കുന്ന പ്രവാസികളും നിയമലംഘനം നടത്താതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
Discussion about this post