ആകാശയാത്രകളില്‍ വസ്ത്രധാരണത്തിന് ചില നിബന്ധകളുണ്ട്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് യാത്രികരുടെ വസ്ത്രധാരണത്തില്‍ ചിട്ടവട്ടങ്ങള്‍ കൊണ്ടുവന്നത് വലിയ ചര്‍ച്ചയായിരുന്നു. സത്യത്തില്‍ എന്തിനാണ് ഇത്രയും നിബന്ധനകള്‍. അത് ഓരോ രാജ്യത്തിനെയും കാലാവസ്ഥയെയും യാത്രക്കാരുടെ നിലവാരത്തിനെയും ആധാരമാക്കിയുള്ളതാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സ്പിരിറ്റ് എയര്‍ലൈന്‍ മാത്രമല്ല മറ്റു പല എയര്‍ലൈനുകളും ഡ്രസ് കോഡിന്റെ കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഹവായിയന്‍ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് എന്നിങ്ങനെയുള്ള എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നതിനു ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
– അമേരിക്ക ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈന്‍ തങ്ങളുടെ യാത്രികര്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ചെരിപ്പിടാതെയും സുതാര്യമായ വസ്ത്രങ്ങള്‍ ധരിച്ചും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരുന്നവരെ വിമാനത്തില്‍ കയറ്റില്ലെന്നാണ് ഇവര്‍ അറിയിച്ചത്. പ്രകോപനപരമായതും അശ്ലീലമായതുമായ വസ്ത്രങ്ങളും ശരീരത്തിലെ പച്ചകുത്തലും തുടങ്ങി ശരീര ദുര്‍ഗന്ധം വരെ യാത്ര നിഷേധിക്കപ്പെടാനുള്ള കാരണമായി സ്പിരിറ്റ് എയര്‍ലൈന്‍സ് പറയുന്നുണ്ട്.
ഇതേസമയം അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രികര്‍ക്ക് സവിശേഷ നിയമങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് വാസ്തവം. അതേസമയംയാത്രികര്‍ ഉചിതമായ രീതിയില്‍ വസ്ത്രം ധരിച്ചിരിക്കണം എന്ന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മറ്റുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രം ധരിച്ചവരേയും ചെരിപ്പിടാതെ വന്നവരേയും വിമാനത്തില്‍ കയറ്റില്ലെന്നും അറിയിക്കുന്നു. പ്രകോപനപരമായ വാക്കുകളെഴുതിയ വസ്ത്രങ്ങളും സ്വകാര്യ ഭാഗങ്ങള്‍ വെളിവാക്കുന്ന വസ്ത്രങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശവുമുണ്ട്.
ശരീരത്തോട് ഒട്ടിച്ചേര്‍ന്നുകിടക്കുന്ന നീന്തല്‍ വസ്ത്രങ്ങളും ബിക്കിനിയുമൊക്കെ ധരിച്ച് വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നാണ് ഹവായിയന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. ചെരിപ്പ് നിര്‍ബന്ധമാണ്.
പ്രീമിയം സര്‍വീസിന്റെ നിലവാരം നിലനിര്‍ത്താനെന്ന പേരിലാണ് ഖത്തര്‍ എയര്‍വേയ്സ് യാത്രയിലെ ഡ്രസ് കോഡ് അവതരിപ്പിച്ചത്. ബിസിനസ് ക്ലാസിലും അതിനു മുകളിലുള്ളവര്‍ക്കുമാണ് ഡ്രസ് കോഡുള്ളത്. ഷോര്‍ട്സ്, സ്പോര്‍ട് വെയര്‍, സ്വകാര്യ ഭാഗങ്ങള്‍ മൂടാത്ത വസ്ത്രങ്ങള്‍ എന്നിവയുമായി ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ ആഭാസകരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ചെരുപ്പ് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നുണ്ട്. മോശമായി പെരുമാറുന്നതോ ആഭാസകരമായി വസ്ത്രം ധരിക്കുന്നതോ വൃത്തിയില്ലാത്ത വേഷം ധരിക്കുന്നവരോ ശരീര ദുര്‍ഗന്ധമുള്ളവരേയോ വിമാനത്തില്‍ കയറ്റില്ലെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നയം.
Discussion about this post