ഇന്ന് രാജ്യസഭയിൽ നടന്ന നന്ദി പ്രമേയ പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് എപ്പോഴും ഒരു കുടുംബത്തിനു മാത്രമാണ് പ്രാതിനിധ്യം നൽകിയിരുന്നത് എന്ന് മോദി വ്യക്തമാക്കി. 2014 ന് ശേഷം ഇന്ത്യയ്ക്ക് ഒരു ബദൽ ഭരണ മാതൃക ലഭിച്ചു. ആ മാതൃക പ്രീണനത്തിലല്ല, ജനങ്ങളുടെ സംതൃപ്തിയിലാണ് വിശ്വസിക്കുന്നത് എന്നും മോദി കോൺഗ്രസിനെതിരായി പറഞ്ഞു. ഇതോടൊപ്പം തന്നെ കോൺഗ്രസ് സർക്കാരിന്റെ ചില മുൻകാല ചെയ്തികളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചു.
1975-ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇരുണ്ട ദിനങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ അടിച്ചമർത്തപ്പെട്ടു എന്നതിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഓർമിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു ഇന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കാത്തതിനാൽ നടൻ ദേവ് ആനന്ദിന്റെ സിനിമകൾ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിയിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. നടൻ ബൽരാജ് സാഹ്നിയും ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരിയും എങ്ങനെയാണ് അറസ്റ്റിലായത് എന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
അടിയന്തരാവസ്ഥക്കാലത്ത്, ദൂരദർശൻ മാത്രമായിരുന്നു രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഏക ടെലിവിഷൻ ചാനൽ. 1975-ൽ ദൂരദർശൻ പ്രക്ഷേപണം ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളൂ. കേന്ദ്രസർക്കാരിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലും നടത്തിപ്പിലും പ്രവർത്തിക്കുന്ന ഈ ചാനൽ അക്കാലത്ത് ആയിരക്കണക്കിന് ആളുകളുടെ വിനോദത്തിന്റെയും വാർത്തകളുടെയും ഏക ഉറവിടമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഇന്ദിരാ ഗാന്ധി ദൂരദർശനെ ഉപയോഗിച്ചിരുന്നു. അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണയ്ക്കാൻ ദേവ് ആനന്ദ് ജിയോട് ഇന്ദിരാ ഗാന്ധി അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹം ധീരനായിരുന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ ആവശ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാൻ അദ്ദേഹം പൂർണമായും വിസമ്മതിച്ചു. ഇതോടെ ഇന്ദിരാ ഗാന്ധി ദേവ് ആനന്ദിന്റെ സിനിമകൾ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരുമായുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ദേവ് ആനന്ദ് തന്റെ ആത്മകഥയായ റൊമാൻസിങ് വിത്ത് ലൈഫിൽ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്.
1951-ൽ മുംബൈയിലെ ഒരു തൊഴിലാളി പ്രസ്ഥാനത്തിൽ നെഹ്‌റു വിരുദ്ധ കവിത ചൊല്ലിയതിന് മജ്‌റൂഹ് സുൽത്താൻപുരിയെ അറസ്റ്റ് ചെയ്യുകയും മാപ്പ് പറയാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒരു വർഷം ആർതർ റോഡ് ജയിലിൽ കഴിയേണ്ടി വരികയും ചെയ്ത ചെയ്ത സംഭവത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഘോഷയാത്രയ്ക്കിടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ബൽരാജ് സാഹ്നിയെ ആറ് മാസം തടവിന് ശിക്ഷിച്ചതിനെക്കുറിച്ചും മോദി പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. ബിജെപിയുടെ വികസന മാതൃക ‘രാഷ്ട്രം ആദ്യം’ എന്നതാണെങ്കിൽ കോൺഗ്രസിന് അത് ‘കുടുംബം ആദ്യം’ എന്നതാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനമുന്നയിച്ചു.
Discussion about this post