ന്യൂഡൽഹി: ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആംആദ്മി. മൂന്നാം വട്ടവും വിജയം പ്രതീക്ഷിച്ചിരുന്ന പാർട്ടിയ്ക്ക് കനത്ത തോൽവി ആയിരുന്നു നേരിടേണ്ടിവന്നത്. അതേസമയം ഡൽഹിയിൽ ബിജെപി വിജയക്കുതിപ്പ് നടത്തി. ഇത് ആംആദ്മിയെ കൂടുതൽ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയായിരുന്നു ആരംഭം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ ബിജെപി മേൽക്കൈ നേടിയിരുന്നു. എങ്കിലും ഇവിഎമ്മുകൾ എണ്ണുമ്പോൾ ഫലം മറിച്ചാകുമെന്നായിരുന്നു ആംആദ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് തെറ്റി. ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബഹുദൂരം മുൻപിലായി ബിജെപി. ഉച്ചയോടെ കേവല ഭൂരിപക്ഷം കടന്ന് ബിജെപി വിജയം ഉറപ്പിച്ചു.
47 സീറ്റുകൾ ആയിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിച്ചത്. ആംആദ്മിയ്ക്ക് 23 സീറ്റുകളും ലഭിച്ചു. 70 അംഗ നിമയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചിത്രത്തിൽ പോലും ഇല്ലാതെ കോൺഗ്രസ് നാണം കെട്ട തോൽവി ഏറ്റുവാങ്ങി. വോട്ടെടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിച്ചത് ബിജെപിയുടെ വിജയം ആയിരുന്നു. എങ്കിലും ആംആദ്മി ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നതോടെ തങ്ങൾക്ക് കൈ പൊള്ളിയെന്ന് ആംആദ്മിയ്ക്ക് വ്യക്തമാക്കി. ആംആദ്മിയെ ഡൽഹിയിലെ ജനങ്ങൾ തൂത്തെറിഞ്ഞിരിക്കുന്നു. 27 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരുന്നത്.
ആംആദ്മിയുടെ തോൽവി ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ‘എന്തുകൊണ്ട് ഞങ്ങൾ തോറ്റു’ വെന്ന് സ്വയം വിലയിരുത്തുകയാണ് ബിജെപി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെയും പരാജയം തോൽവി ആംആദ്മിയുടെ തോൽവി അൽപ്പം ഗൗരവമേറിയതാക്കുന്നുണ്ട്. മൂന്ന് കാരണങ്ങളാണ് ആംആദ്മിയുടെ തോൽവിയുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.
ഡൽഹി മദ്യനയ അഴിമതി കേസ് ആംആദ്മിയെ ശരിക്കും പിടിച്ചു കുലുക്കിയെന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മനസിലാക്കാൻ. കേസിൽ കെജ്രിവാൾ ഉൾപ്പെടെ അറസ്റ്റിലായി. ഇത് സർക്കാരിന്മേലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർത്തു. അഞ്ച് മാസക്കാലം ആയിരുന്നു കെജ്രിവാൾ ജയിൽശിക്ഷ അനുഭവിച്ചത്. ഇതിനിടെ മന്ത്രസഭ പുന:സംഘടിപ്പിച്ചു. ഇതെല്ലാം സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചു.
മദ്യനയ അഴിമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി ആയിരുന്നു ആംആദ്മി നടത്തിയത്. നടപടി നേരിടേണ്ടിവന്നതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആംആദ്മി വാദം ഉയർത്തിയെങ്കിലും അത് വിലപ്പോയില്ല. സർക്കാരിന്റെ അഴിമതി ഉയർത്തിക്കാട്ടി ആയിരുന്നു ഇവിടെ ബിജെപിയുടെ പ്രചാരണം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു കെജ്രിവാളിന്റെ വസതിയുടെ നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടത്. 33.66 കോടി രൂപയായിയിരുന്നു വസതി നവീകരിക്കാനായി ചിലവ് ആയത്. 2020 ൽ ഏഴര കോടി രൂപയ്ക്ക് ആയിരുന്നു പിഡബ്ല്യൂഡിയുമായി കരാറിൽ ഏർപ്പെട്ടത്. എന്നാൽ ഇത് എങ്ങനെ 33 കോടി ആയി എന്നത് ഇനിയും അജ്ഞാതം ആണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വലിയ ധൂർത്ത് ആയിരുന്നു സർക്കാർ നടത്തിയിരുന്നത്. ഇതും ജനങ്ങളെ ആംആദ്മിയിൽ നിന്നും അകറ്റി.
2015 ൽ ജനങ്ങൾക്കായി പല വാഗ്ദാനങ്ങളും നൽകി കൊണ്ടായിരുന്നു ആംആദ്മി കടന്നുവന്നത്. ഇവ പാലിച്ച് ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കി എടുക്കാനും ഇവർക്ക് കഴിഞ്ഞു. ഇതിന്റെ ഫലം ആയിരുന്നു 2020 ലെ വിജയം. എന്നാൽ ഇതിന് ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് തിരിച്ചടിയായി.
Discussion about this post