വാഷിങ്ടണ്‍: പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പകരം പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുമാണ് ട്രംപിന്റെ ആഹ്വാനം. രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്ട്രോകള്‍ പ്രോല്‍സാഹിപ്പിക്കുന്ന ബൈഡന്‍ സര്‍ക്കാരിന്റെ നയം മണ്ടത്തരമാണെന്നും ട്രംപ് ആക്ഷേപിച്ചു. യുഎസ് പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരും. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ.’ – ട്രംപ് എക്‌സില്‍ കുറിച്ചു.
ഭക്ഷണ വ്യാപാര, വിതരണ ശൃംഖലയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് സ്ട്രോ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം മുന്‍പ് തീരുമാനമെടുത്തിരുന്നു. ഇതിനെതിരേയാണ് ട്രംപിന്റെ പ്രഖ്യാപനം.
പ്ലാസ്റ്റിക്കിലേക്ക് മടങ്ങു എന്ന് ആഹ്വാനത്തിനൊപ്പം അമേരിക്ക പാസ്റ്റിക്ക് സ്‌ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അധികാരമേറ്റ ഉടന്‍ ട്രംപ് പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് പ്ലാസ്റ്റിക്ക് വ്യാപകമാക്കാനുള്ള നീക്കം ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും നേരിടാന്‍ 2015 ലാണ് ലോക നേതാക്കള്‍ ചേര്‍ന്ന് ചരിത്രപരമായ ഉടമ്പടിയിലെത്തിയത്. 195 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. അമേരിക്ക പോലൊരു വികസിത രാജ്യത്ത് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
ഒറ്റ തവണ ഉപയോഗിക്കുന്ന സ്‌ട്രോ പോലുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളിലടക്കം 2035വരെ ബൈഡന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ട്രംപിന്റെ തീരുമാനത്തിന് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പേപ്പര്‍ സ്ട്രോകള്‍ക്കെതിരെ ട്രംപ് സംസാരിച്ചത്.’ആരെങ്കിലും പേപ്പര്‍ സ്ട്രാകള്‍ ഉപയോഗിച്ചിട്ടുണ്ടോ? അത് നന്നായി പ്രവര്‍ത്തിക്കില്ല’, എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. 2020 മുതലുളള്ള തന്റെ വാഗ്ദാനമാണ് ഇപ്പോള്‍ ട്രംപ് നടപ്പാക്കുന്നത്.
Discussion about this post