രാംലല്ല സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ആയിരക്കണക്കിന് കർസേവകരുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ഒപ്പം നിന്ന ഭരണകൂടത്തിന്റെയും ശ്രമഫലമായാണ് ചൈതന്യം ചൊരിഞ്ഞ് അയോദ്ധ്യരാമക്ഷേത്രം ഇന്ന് പ്രൗഢിയോടെ തലഉയർത്തിനിൽക്കുന്നത്. ഈ വേളയിൽ വളരെ ദുഃഖകരമായ ഒരു വാർത്ത കൂടി നാം കേൾക്കേണ്ടി വരുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിന് ആദ്യകല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചിരിക്കുകയാണ്. 69 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ആർഎസ്എസ് സ്വയംസേവകൻ, ബീഹാറിലെ രണ്ട് തവണ ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗം, ശ്രീരാമ ജന്മഭൂമി ക്ഷേത്ര ന്യാസ് ട്രസ്റ്റിലെ അംഗം, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), വനവാസി കല്യാൺ കേന്ദ്ര, എബിവിപി തുടങ്ങീ നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.1989ൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്എസ് ആദ്യത്തെ കർസേവകായി ആദരിച്ചിരുന്നു.
1956 ഏപ്രിൽ 24 ന് ബീഹാറിലെ സുപോൾ ജില്ലയിൽ ജനിച്ച ചൗപാൽ തന്റെ ജീവിതം സാമൂഹിക പ്രവർത്തനത്തിനും ദലിതരുടെ ഉന്നമനത്തിനുമായി സമർപ്പിച്ചു. ബീഹാറിന്റെയും അതിനപ്പുറത്തുമുള്ള സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. പ്രത്യേകിച്ച്, അയോദ്ധ്യയിലെ രാമമന്ദിർ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എന്നും ഓർമ്മിക്കപ്പെടുന്നതാണ്. ഹിന്ദു സംസ്‌കാരത്തോടുള്ള ചൗപാലിന്റെ പ്രതിബദ്ധത അചഞ്ചലമായിരുന്നു. 1980-കളിൽ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന മതപരിവർത്തനങ്ങളുടെ ഭാഗമായി ദലിതർ മറ്റ് മതങ്ങളിലേക്ക്, പ്രത്യേകിച്ച് ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നതിൽ അദ്ദേഹം വളരെയധികം ആശങ്കാകുലനായിരുന്നു.ദലിതരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചതിനാൽ, ആർഎസ്എസുമായും വിഎച്ച്പിയുമായും കാമേശ്വർ കൂടുതൽ അടുത്തു.
തന്റെ കാലഘട്ടത്തിലെ മറ്റ് നേതാക്കളിൽ നിന്ന് ചൗപാലിനെ വ്യത്യസ്തനാക്കിയത് അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അദ്ദേഹത്തിന്റെ നിശിതമായ രാഷ്ട്രീയ അവബോധവുമായിരുന്നു. ബിഹാറിലെ ജാതി സമവാക്യങ്ങളെ നിരന്തരം വിലയിരുത്തുന്നതിൽ അദ്ദേഹം അഗ്രകണ്യനായിരുന്നു. ദലിതരും ഹിന്ദുക്കളും വേർപിരിയാനാവാത്തവരാണെന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്ന്.നമ്മുടെ സംസ്‌കാരത്തിന്റെ സംരക്ഷണം നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ‘സംസ്‌കാരം ഇല്ലാതായാൽ, രാഷ്ട്രം ഇല്ലാതായെന്ന് കാമേശ്വർ ഇടയ്ക്കിടെ പറയുമായിരുന്നു.
Discussion about this post