ഇന്ദ്രപ്രസ്ഥത്തിലും താമരവിരിയിച്ച് ബിജെപി ജൈത്രയാത്ര തുടരുകയാണ്. ഒരുവശത്ത് ഇൻഡി മുന്നണി തമ്മിലടിയും ഭരണവിരുദ്ധവികാരവും ഉയർന്നപ്പോൾ വികസനവും സദ്ഭരണവും ഉയർത്തികാട്ടി മോദി ഗ്യാരണ്ടിയിൽ ഭാരതീയ ജനതാ പാർട്ടി വോട്ടുപിടിച്ചു. 70 സീറ്റിൽ 48 സീറ്റും തൂത്തുവാരിയാണ് ബിജെപി ആംആദ്മിയെ തറപറ്റിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 45.76 ശതമാനവും എഎപിയുടെ വോട്ട് വിഹിതം 43.55 ശതമാനവും കോൺഗ്രസിന്റെ വോട്ട് വിഹിതം 6.36 ശതമാനവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 53.57 ശതമാനം വോട്ടുമായി 62 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ഏകദേശം 40 സീറ്റുകൾ നഷ്ടപ്പെട്ടു.2020 ൽ ബിജെപിയുടെ വോട്ട് വിഹിതം 38.51 ശതമാനമായിരുന്നു. 7 ശതമാനത്തിലധികം വോട്ടുകളുടെ വർദ്ധനവോടെ ബിജെപിക്ക് 48 സീറ്റുകൾ ലഭിച്ചു.
എന്നാൽ ഡൽഹിയിലെ ഇടതുപാർട്ടികളുടെ വോട്ട് വിഹിതം അതിദയനീയമാണ്. സിപിഐ,സിപിഎം,സിപിഐ എംഎൽ,ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ ഇടതുപക്ഷമായാണ് മത്സരിച്ചത്. സിപിഐ 0.02 ശതമാനവും സിപിഎം 0.01 ശതമാനവും വോട്ടേ നേടിയുള്ളൂ.0.57% വോട്ടുകളാണ് നോട്ടയിൽ പോൾ ചെയ്യപ്പെട്ടത്. വികാസ് പുരി മണ്ഡലത്തിൽ മത്സരിച്ച മലയാളിയായ സി.പി.ഐയുടെ സ്ഥാനാർത്ഥി ഷിജോ വർഗീസിന് 618 വോട്ടുകൾ ലഭിച്ചു. ബദർപുരിൽ മത്സരിച്ച സി.പി.എം. സ്ഥാനാർത്ഥി ജഗദീഷ് ചന്ദിന് 367 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ദ്വാരകയിൽ മത്സരിച്ച മറ്റൊരു മലയാളി ജി. തുളസീധരന് 58 വോട്ടുകളാണ് ലഭിച്ചത്. പീപ്പിൾസ് ഗ്രീൻ പാർട്ടി സ്ഥാനാർഥിയായാണ് തുളസീധരൻ മത്സരിച്ചത്. ഇവിടെ ബി.ജെ.പിയുടെ പ്രദ്യുമ്ൻ സിങ് രജ്പുത് വിജയിച്ചു. ആദർശ് നഗറിൽ സി.പി.ഐ. സ്ഥാനാർത്ഥി സഞ്ജീവ് കുമാർ റാണ 133 വോട്ടുകൾ നേടി. കരാവൽനഗറിൽ സി.പി.എം. സ്ഥാനാർത്ഥി 457 വോട്ടുകളും കോണ്ട്ലിയിൽ സി.പി.ഐ (എം.എൽ) സ്ഥാനാർഥി അമർജീത് പ്രസാദ് 100 വോട്ടുകളും നേടി. മുണ്ട്കയിൽ ഫോർവേഡ് ബ്ലോക് സ്ഥാനാർത്ഥി മഹാവിറിന് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നെരേലയിൽ സി.പി.ഐ.(എം.എൽ) സ്ഥാനാർത്ഥിയായ അനിൽകുമാർ സിങ് 328 വോട്ടാണ് നേടിയത്. ഓക്ലയിൽ മത്സരിച്ച സി.പി.ഐ. സ്ഥാനാർത്ഥി മുഹമ്മദ് ഇൻസമാമുൾ ഹസൻ 259 വോട്ടുകൾ നേടി. പാലം മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർഥി ദിലീപ് കുമാറിന് 326 വോട്ടുകളാണ് ലഭിച്ചത്. സാദർ ബസാറിലെ എസ്.യു.സി.ഐ. സ്ഥാനാർത്ഥി ആശാ റാണിക്ക് 184 വോട്ടുലഭിച്ചു. വാസിർപുരിലെ സി.പി.ഐ സ്ഥാനാർത്ഥി ദേവേന്ദർ കുമാറിന് 190 വോട്ടുകളാണ് ലഭിച്ചത്.
അതിനിടെ തിരഞ്ഞെടുപ്പ് തോൽവിയിൽ ഇൻഡി സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ രംഗത്തെത്തി. സഖ്യത്തിന് ഇടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് ഡി രാജ പറഞ്ഞു. മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും ഡി രാജ പറഞ്ഞു
Discussion about this post