ന്യുഡൽഹി: രാജ്ഭവനിലെത്തി ഗവർണർ വികെ സക്സേനയ്ക്ക് രാജി സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി. ഡൽഹി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് അതിഷി ഗവർണർക്ക് രാജി സമർപ്പിച്ചത്. യമുന നദി വൃത്തിയാക്കുന്നതിൽ, സർക്കാരിന് താൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കെജ്രിവാളിന്റെ സർക്കാർതന്റെ ആവശ്യം അവഗണിച്ചതായി അതിഷിയോട് ഗവർണർ ഓർമിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യമുനാ മാതാവിന്റെ ശാപം കാരണമാണ് ആം ആദ്മി പാർട്ടിക്ക് ഇത്രയും ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ഗവർണർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
യമുനയുടെ അവസ്ഥ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ ആശങ്കകളെക്കുറിച്ച് ആവർത്തിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവ അവഗണിക്കുന്നത് തുടർന്നു. യമുനാ മാതാവിന്റെ ശാപം കാരണമാണ് ഡൽഹി തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നും ഗവർണർ പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണങ്ങളിലുടനീളം യമുനയിലെ മാലിന്യത്തെ ഒരു പ്രധാന വിഷയമായി അരവിന്ദ് കെജ്രിവാൾ ഉന്നയിച്ചിരുന്നു. ഹരിയാന സർക്കാർ ഡൽഹിയിലേക്കെത്തുന്ന യുമുനാ ജലത്തിൽ വിഷം കലർത്തുന്നുവെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. കെജ്രിവാളിന്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. കെജ്രിവാളിന്റെ ആരോപണത്തിന് യമുനാ നദിയിലെ ജലം കുടിച്ചുകൊണ്ട് ഹരിയാന മുഖ്യമ്രന്തി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇലക്ഷൻ കമ്മീഷനും കെജ്രിവാളിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, യമുനാ നിദിയെ ഡൽഹിയുടെ സ്വന്തമാക്കി മാറ്റുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു.
ഡൽഹി തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. ആം ആദ്മി പാർട്ടിയുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് 27 വർഷത്തിനുശേഷമാണ് ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയത്. 70 സീറ്റുകളിൽ 48 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി വൻ ഭൂരിപക്ഷം ഉറപ്പാക്കി. കഴിഞ്ഞ വർഷം, 62 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടി ഇത്തവണം വെറും 22 സീറ്റുകൾ മാത്രമാണ് നേടിയത്.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുൾപ്പെടെ എഎപിയുടെ നിരവധി മുതിർന്ന നേതാക്കളാണ് പരാജയം ഏറ്റുവാങ്ങിയത്.
Discussion about this post