ന്യൂഡൽഹി : എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫെബ്രുവരി 10 മുതൽ 12 വരെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും ഒത്തുചേരലായ എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. പാരീസിൽ വച്ചാണ് എഐ ആക്ഷൻ ഉച്ചകോടി നടക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ എഐ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആഗോളതല ചർച്ചകളാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഫെബ്രുവരി 10, 11 തീയതികളിലാണ് പാരീസിലെ ഗ്രാൻഡ് പാലായിസിൽ എഐ ആക്ഷൻ ഉച്ചകോടി നടക്കുന്നത്. കൂട്ടായ പുരോഗതിക്കും പൊതുതാൽപ്പര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ സുസ്ഥിരമായ എഐ-യ്‌ക്കായി ശാസ്ത്രീയ അടിത്തറകളും പരിഹാരങ്ങളും മാനദണ്ഡങ്ങളും കൂട്ടായി സ്ഥാപിക്കാൻ ഉച്ചകോടി ലക്ഷ്യമിടുന്നു. 2023 നവംബറിൽ നടന്ന ബ്ലെച്ച്‌ലി പാർക്ക് ഉച്ചകോടിയിലും 2024 മെയ് മാസത്തിൽ നടന്ന സിയോൾ ഉച്ചകോടിയിലും കൈവരിച്ച പുരോഗതികളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ഫ്രാൻസും ചേർന്ന് അധ്യക്ഷത വഹിക്കുന്ന എഐ ആക്ഷൻ ഉച്ചകോടി പാരീസിൽ നടക്കുന്നത്.
എഐ സാങ്കേതികവിദ്യയെ പൊതുജന നന്മയ്ക്കായി നവീകരിക്കുന്നതിനും വിശാലമാക്കുന്നതിനും ഉള്ള കാഴ്ചപ്പാടുകൾ ഇന്ത്യ ഉച്ചകോടിയിൽ പങ്കുവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫെബ്രുവരി 10 ന് പാരീസിൽ എത്തുന്ന പ്രധാനമന്ത്രി മോദിയ്ക്കായി ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രത്യേക അത്താഴ വിരുന്ന് ഉണ്ടായിരിക്കും. എലീസി കൊട്ടാരത്തിലാണ് പ്രസിഡന്റ് മാക്രോൺ അത്താഴ വിരുന്ന് ഒരുക്കുന്നത്. ടെക് മേഖലയിലെ നിരവധി സിഇഒമാരും എഐ ആക്ഷൻ ഉച്ചകോടിയിലെ മറ്റ് നിരവധി വിശിഷ്ട ക്ഷണിതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കും.
ഫെബ്രുവരി 11 ന് ആണ് എഐ ആക്ഷൻ ഉച്ചകോടിനടക്കുന്നത്. പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനൊപ്പം ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കും. ഇതുകൂടാതെ ഫ്രാൻസിൽ മറ്റു ചില സുപ്രധാന പരിപാടികളിലും മോദി പങ്കെടുക്കും. ഫ്രാൻസിലെ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് മോദി ഉദ്ഘാടനം നിർവഹിക്കും. ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് നഗരമായ മാർസെയിലിൽ ആണ് ഇന്ത്യൻ കോൺസുലേറ്റ് നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം ഫ്രഞ്ച് പ്രസിഡണ്ടും പങ്കെടുക്കും.
ഇത്തവണത്തെ ഫ്രാൻസ് സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി ഒന്നാം ലോകമഹായുദ്ധങ്ങളിലും രണ്ടാം ലോകമഹായുദ്ധങ്ങളിലും ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗസ് യുദ്ധ സെമിത്തേരിയിൽ ആദരാഞ്ജലികൾ അർപ്പിക്കും. ഇത് കൂടാതെ ആഗോള നന്മയ്ക്കായി ഊർജ്ജം വിനിയോഗിക്കുന്നതിനായി ഫ്രാൻസ് ഉൾപ്പെടെയുള്ള പങ്കാളി രാജ്യങ്ങളുടെ കൺസോർഷ്യത്തിൽ ഇന്ത്യ അംഗമായ അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണാത്മക റിയാക്ടർ പദ്ധതിയും പ്രധാനമന്ത്രി മോദി സന്ദർശിക്കും. ഫ്രാൻസ് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലേക്ക് യാത്ര തിരിക്കും.
Discussion about this post