ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേന നടത്തിവരുന്ന ‘ഓപ്പറേഷൻ ഡെവിൾ ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 1300ലധികം പേരെന്ന് വിവരം. അക്രമങ്ങൾ തടയുന്നതിനായി സംയുക്തസേന നടത്തുന്ന രാജ്യവ്യാപക പരിശോധനയാണെന്ന് പറയുന്നുണ്ടെങ്കിലും ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബത്തിനെതിരെയും പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളുടെയും നേരെയാണ് നടപടികൾ ഉണ്ടാവുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന പരിശോധനയിൽ സൈനികരും പോലീസും പ്രത്യേക യൂണിറ്റുകളും അടങ്ങുന്ന സംയുക്ത സേന ഇതുവരെ 1,308 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാകുമ്പോൾ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘എല്ലാ പിശാചുക്കളെയും’ വേരോടെ പിഴുതെറിയുമെന്ന് ഇടക്കാല സർക്കാർ പ്രതിജ്ഞയെടുക്കുകയായിരുന്നു. ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഗാസിപൂരിൽ ഒരു അവാമി ലീഗ് നേതാവിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിദ്യാർത്ഥി പ്രവർത്തകർക്ക് പരിക്കേറ്റ അക്രമാസക്തമായ സംഘർഷങ്ങളെ തുടർന്നാണ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ, ഓപ്പറേഷൻ ആരംഭിച്ചത്
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചായിരിക്കും ഈ ഓപ്പറേഷൻ… എല്ലാ പിശാചുക്കളെയും വേരോടെ പിഴുതെറിയുന്നതുവരെ ഇത് തുടരും,’ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറൽ (റിട്ട.) ജഹാംഗീർ ആലം ചൗധരി പറഞ്ഞു. പിശാച്’ എന്നതിന്റെ അർത്ഥമെന്താണ്? അത് ദുഷ്ടശക്തികളെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും, നിയമം ലംഘിക്കുന്നവരെയും, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും, ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെയും ലക്ഷ്യം വച്ചുള്ളതാണ് ഈ ഓപ്പറേഷൻ എന്ന് ബംഗ്ലാദേശ് ആഭ്യന്തര ഉപദേഷ്ടാവ് എംഡി ജഹാംഗീർ ആലം ചൗധരി അവകാശപ്പെട്ടു.
Discussion about this post