ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ തകർപ്പൻ വിജയത്തിന് ശേഷം ആരായിരിക്കും ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി എന്നുള്ള കാര്യത്തിൽ ചർച്ചകൾ ശക്തമാവുകയാണ്. ഒരു പതിറ്റാണ്ട് നീണ്ട ആം ആദ്മി പാർട്ടിയുടെ ഭരണത്തെ തകർത്തെറിഞ്ഞ് അധികാരത്തിലേറിയ ബിജെപിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ച എംഎൽഎമാരിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നും പാർട്ടി പ്രസ്താവിച്ചിട്ടുണ്ട്. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 48 എണ്ണം നേടിക്കൊണ്ടാണ് ബിജെപി ഈ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
ന്യൂഡൽഹി സീറ്റിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയുടേതാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്ന്. വെസ്റ്റ് ഡൽഹിയിൽ നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.
നിലവിൽ ബിജെപിയുടെ 48 നിയമസഭാംഗങ്ങളിൽ നാല് എംഎൽഎമാരാണ് വനിതകളായി ഉള്ളത്. നീലം പഹൽവാൻ, രേഖ ഗുപ്ത, പൂനം ശർമ്മ, ശിഖ റോയ് എന്നിവരാണ് ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ വനിത എംഎൽഎമാർ. ഇവരിൽ നിന്നും ഒരാൾ മുഖ്യമന്ത്രിയാകാനും സാധ്യതയുള്ളതായി പറയപ്പെടുന്നു. ഷാലിമാർ ബാഗിൽ നിന്നും 68,200 വോട്ടുകൾ നേടി വിജയിച്ച
രേഖ ഗുപ്ത മുൻ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ആയിരുന്നു. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ ആണ് രേഖ ഗുപ്ത പരാജയപ്പെടുത്തിയത്. ശിഖ റോയ് ഗ്രേറ്റർ കൈലാഷിൽ 49,594 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജിനെ ആണ് ശിഖ റോയ് പരാജയപ്പെടുത്തിയത്. പൂനം ശർമ്മ വസീർപൂരിൽ
54,721 വോട്ടുകൾ നേടി വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ രാജേഷ് ഗുപ്തയെ ആണ് പരാജയപ്പെടുത്തിയത്. നജഫ്ഗഢ് സീറ്റിൽ നിന്ന് വിജയിച്ച നീലം പെഹൽവാൻ ബിജെപിയുടെ ഡൽഹിയിലെ ശക്തരായ സ്ഥാനാർത്ഥികളിൽ ഒരാളാണ് . 1,01,708 വോട്ടുകൾ ആണ് നജഫ്ഗഢ് സീറ്റിൽ നീലത്തിന് ലഭിച്ചത്. ആം ആദ്മി പാർട്ടിയുടെ തരുൺ കുമാറിനെ 29,009 വോട്ടുകൾക്ക് ആണ് നീലം പെഹൽവാൻ പരാജയപ്പെടുത്തിയത്. നജഫ്ഗഢ് മണ്ഡലത്തിൽ ആദ്യമായി വിജയിക്കുന്ന വനിത എംഎൽഎ കൂടിയാണ് നീലം.
പട്ടികജാതിയിൽ നിന്നുള്ള ഒരു എംഎൽഎയെ ഉപ മുഖ്യമന്ത്രി പദവിയിലേക്കോ മറ്റേതെങ്കിലും ഉന്നത പദവിയിലേക്കോ ബിജെപി തിരഞ്ഞെടുക്കുമെന്നും പറയുന്നു. ബിജെപി എംഎൽഎമാരിൽ നാല് പേർ ആണ് പട്ടികജാതിയിൽ നിന്നുള്ളത്. മംഗോൾപുരി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജ് കുമാർ ചൗഹാൻ, ത്രിലോക്പുരി മണ്ഡലത്തിൽ നിന്നും വിജയിച്ച രവികാന്ത് ഉജ്ജൈൻ , ബവാന മണ്ഡലത്തിലെ രവീന്ദർ ഇന്ദ്രജ് സിംഗ് , മാദിപൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൈലാഷ് ഗാംഗ്വാൾ എന്നിവരാണ് ഡൽഹിയിലെ ബിജെപിയുടെ ദളിത് നിയമസഭാംഗങ്ങൾ.
Discussion about this post