പാരീസ്: ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. പാരീസിൽ നടക്കുന്ന എഐ ഉച്ചകോടിയ്ക്ക് മുന്നോടിയായി നടന്ന സ്വാഗത അത്താഴ വിരുന്നിൽ നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആലിംഗനം ചെയ്തു സ്വീകരിച്ചു.’എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ പാരീസിൽ വെച്ച് കണ്ടതിൽ സന്തോഷമെന്നാണ് മോദി സന്ദർശനത്തെ കുറിച്ച് എഴുതയത്. ഫ്രാൻസിലെത്തിയ മോദിയ്ക്ക് ഇന്ത്യൻ സമൂഹവും ഉജ്ജ്വല സ്വീകരണം നൽകി.ഡോളിൻ്റെയും നൃത്തചുവടുകളുടെയും അകമ്പടിയോടെയാണ് ഇന്ത്യൻ സമൂഹം മോദിയെ സ്വീകരിച്ചത്.
മക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി എത്തിയത്. സന്ദർശനത്തിന്റെ പ്രധാന അജൻഡ ഇന്ന് നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയാണ്. ലോക നേതാക്കളും ആഗോള ടെക് സി.ഇ.ഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി സഹഅദ്ധ്യക്ഷത വഹിക്കും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിൻറെ ഉദ്ഘാടനവും മാക്രോണും മോദിയും ചേർന്ന് നിർവ്വഹിക്കും.ഒന്നാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ബുധനാഴ്ച ഇരു നേതാക്കളും മാർസെയിലിലെ കോമൺവെൽത്ത് വാർ ഗ്രേവ്‌സ് കമ്മിഷൻറെ കീഴിലുള്ള മസാർഗസ് യുദ്ധ സ്മാരകം സന്ദർശിക്കും.
‘അൽപ്പം മുമ്പ് പാരീസിൽ വന്നിറങ്ങി. എഐ (നിർമിതബുദ്ധി), ടെക്, ഇന്നൊവേഷൻ തുടങ്ങിയ ഭാവി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവിടെയുള്ള വിവിധ പരിപാടികൾക്കായി കാത്തിരിക്കുന്നു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഫ്രാൻസിലെത്തിയതിൻറെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും ഒത്തുചേരലായ എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ ഞാൻ ആഗ്രഹിക്കുന്നു, ഉച്ചകോടിയിൽ നൂതനാശയങ്ങൾക്കും പൊതുജനനന്മയ്ക്കും വേണ്ടിയുള്ള സഹകരണ സമീപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കും,’ മോദി പ്രസ്താവനയിൽ പറഞ്ഞു.
ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം, പ്രധാനമന്ത്രി മോദി ഫെബ്രുവരി 12 മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായും, പുതിയ യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായും മോദി ചർച്ച നടത്തും. ഇറക്കുമതി തീരുവ ഉൾപ്പെടെ അമേരിക്ക ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും മോദി ചർച്ച നടത്തും.
Discussion about this post