ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇലക്ട്രോണിക് നിർമ്മാണ കമ്പനിയാണ് സാംസങ്. ഈ ദക്ഷിണകൊറിയൻ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും വിതരണം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ സാംസങ്ങിന്റെ ഒരു ഉത്പന്നത്തിലെ അപാകതകൾ കാരണം കമ്പനി വെല്ലുവിളി നേരിടുകയാണ്. സാംസങ്ങിന്റെ ഹൈ വോൾട്ടേജ് ബാറ്ററികൾക്കാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാംസങ് ഹൈ വോൾട്ടേജ് ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സാംസങ് ബാറ്ററി ഉപയോഗിക്കുന്ന ഒരു ലക്ഷത്തി എൺപതിനായിരം വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. ലോകത്തിലെ പല മുൻനിര വാഹന നിർമ്മാതാക്കൾക്കും സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്നതിനാൽ വിവിധ കമ്പനികളുടെ കാറുകളിൽ സാംസങ് ബാറ്ററികൾ ഉപയോഗിക്കുന്നതായിരിക്കും. ഇത്തരത്തിൽ സാംസങ് ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും തിരിച്ചു വിളിക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അമേരിക്കയിലെ NHTSA (നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ) അനുസരിച്ച്, ഈ ബാറ്ററി പായ്ക്കുകളിൽ അടങ്ങിയിരിക്കുന്ന സെപ്പറേറ്ററുകൾക്ക് വളരെയധികം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഹൈ വോൾട്ടേജ് സെൽ നിർമ്മാണ പ്രക്രിയയിൽ സെപ്പറേറ്റർ ലെയറിൽ ചില പിഴവുകൾ കണ്ടെത്തിയതായി വാഹന നിർമ്മാതാക്കളായ ഫോർഡും പറയുന്നു. ഫോർഡിന്റെ തന്നെ എസ്കേപ്പ്, ലിങ്കൺ കോർസെയർ മോഡലുകളിൽ സാംസങ് ബാറ്ററികളാണ് ഉപയോഗിച്ചിരുന്നത്. ഈ കാറുകൾ കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്.
ഫ്രഞ്ച് കാർ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ വാഹനങ്ങളെയാണ് ഈ തിരിച്ചുവിളി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2020-2024 കാലയളവിൽ നിർമ്മിച്ച ജീപ്പ് റാംഗ്ലർ 4XE യുടെ ഏകദേശം 1,50,096 യൂണിറ്റുകളെയും 2022-2024 കാലയളവിൽ നിർമ്മിച്ച ജീപ്പ് ഗ്രാൻഡ് ചെറോക്കി 4XE യെയും ഈ തിരിച്ചുവിളി ബാധിക്കുമെന്ന് സാംസങ്ങ് അറിയിച്ചു. ഈ രണ്ട് വാഹനങ്ങളിലും പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ സാങ്കേതികവിദ്യ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ സാംസങ് ഹൈ വോൾട്ടേജ് ബാറ്ററികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എത്രയും പെട്ടെന്ന് കമ്പനികൾക്ക് തിരികെ നൽകണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post